
പെർത്ത്: ഏഴു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആരാധകരെ നിരാശപ്പെടുത്തി. പെർത്തിൽ ആസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇരുവരും വന്നപോലെ മടങ്ങുന്നതാണ് കണ്ടത്.
ഓപ്പണറായി ഇറങ്ങിയ രോഹിത് 14 പന്തിൽ എട്ടു റൺസെടുത്തും മൂന്നാമനായി ഇറങ്ങി എട്ടു പന്തുകൾ നേരിട്ട കോഹ്ലി പൂജ്യത്തിനും പുറത്തായി. ഓസീസ് മണ്ണിൽ ആദ്യമായാണ് താരം റണ്ണൊന്നും എടുക്കാതെ ഔട്ടാകുന്നത്. മിച്ചൽ സ്റ്റാർക്കിന്‍റെ ഓഫ് സ്റ്റമ്പിനു പുറത്തേക്ക് വന്ന പന്തിലാണ് താരം പുറത്തായത്. പതിവ് ശൈലിയിൽ കവർ ഡ്രൈവിന് ശ്രമിച്ച കോഹ്ലിയുടെ ബാറ്റിന്‍റെ എഡ്ജിൽ തട്ടിയ പന്ത് കൂപ്പർ കൊനോലി ഒരു മനോഹര ഡൈവിങ്ങിലൂടെ കൈയിലൊതുക്കി. നിരാശയോടെ കോഹ്ലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
2027ലെ ഏകദിന ലോകകപ്പ് സ്വപ്നം കാണുന്ന കോഹ്ലിക്ക് ഓസീസ് പരമ്പരയിലെ പ്രകടനം നിർണായകമാണ്. ഓസീസിനെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോഹ്ലി. 2009ലാണ് കോഹ്ലി ഓസീസിനെതിരെ ആദ്യ ഏകദിനം കളിക്കുന്നത്. ഇതുവരെ 50 ഏകദിനങ്ങളിൽനിന്നായി 2,551 റൺസാണ് താരം നേടിയത്. 54.46 ആണ് ശരാശരി. എട്ടു സെഞ്ച്വറികളും 15 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. 123 ആണ് ഉയർന്ന സ്കോർ. 50 മത്സരങ്ങളിൽ 29 എണ്ണവും കളിച്ചത് ഓസീസ് മണ്ണിലായിരുന്നു. 51.90 ശരാശരയിൽ 1,327 റൺസാണ് താരം ആസ്ട്രേലിയയിൽ നേടിയത്. അഞ്ചു സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളും. 104, 46, 21, 89, 63 എന്നിങ്ങനെയായിരുന്നു അവസാന അഞ്ചു മത്സരങ്ങളിലെ സ്കോർ.
ഓസീസിനെതിരെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കോഡും കോഹ്ലിയുടെ പേരിലാണ്. അതേസമയം, നായക സ്ഥാനത്തുനിന്ന് ഒഴിവാക്കിയ രോഹിത്തിന് പെർത്തിലെ മത്സരം കരിയറിയെ 500ാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിച്ച കോഹ്ലിയുടെയും രോഹിത്തിന്‍റെയും ഏകദിന ഭാവിയും ചോദ്യ ചിഹ്നമാണ്. മുന്നോട്ടുള്ള പോക്കിന് പരമ്പരയിലെ പ്രകടനം നിർണായകമാണ്. ബാക്കിയുള്ള മത്സരങ്ങളിലും നിരാശപ്പെടുത്തിയാൽ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും.
കളി തടസ്സപ്പെടുത്തി മഴ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നതോടെ ഇന്ത്യ പതറുകയാണ്. നിലവിൽ 11.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുത്തിട്ടുണ്ട് ഇന്ത്യ. മഴമൂലം കളി നിർത്തിവെച്ചിരിക്കുകയാണ്. 20 പന്തിൽ ആറു റൺസുമായി ശ്രേയസ് അയ്യരും 11 പന്തിൽ ഏഴു റൺസുമായി അക്സർ പട്ടേലുമാണ് ക്രീസിൽ.
നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ 18 പന്തിൽ 10 റൺസെടുത്ത് ഗിൽ പുറത്തായി. മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയാണ് ശുഭ്മൻ ഗില്ലിന് ചുമതല നൽകിയത്. നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. പേസ് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജിനും അർഷ്ദീപ് സിങ്ങിനുമൊപ്പം ഹർഷിത് റാണയും പ്ലെയിങ് ഇലവനിലെത്തി. അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമാണ് സ്പിന്നർമാർ. മിച്ചൽ മാർഷ് നേതൃത്വം നൽകുന്ന കംഗാരുപ്പടയിൽ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിൻസ്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, സ്പിന്നർ ആഡം സാംപ തുടങ്ങിയവർ പരിക്കുമൂലം പുറത്താണ്.
എങ്കിലും ലോകോത്തര പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ്, ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുള്ള ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്.
