
ഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ലോക ചാമ്പ്യൻ ക്യാപ്റ്റനുമായ ഇംറാൻ ഖാന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽദേവും സുനിൽ ഗവാസ്കറും ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ. ഇംറാന്റെ സമകാലികരായി ലോക ക്രിക്കറ്റിൽ വാണ വിവിധ രാജ്യങ്ങളുടെ താരങ്ങളാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്താൻ സർക്കാറിന് കത്തെഴുതിയത്. 2023 ആഗസ്റ്റ് മുതൽ ജയിലിൽകഴിയുന്ന ഇംറാൻ ഖാൻ അതീവ ഗുരുതാരവസ്ഥയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
മൈകൽ ആതർട്ടൺ, അലൻ ബോർഡർ, മൈക് ബ്രിയർലി, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്, സുനിൽ ഗവാസ്കർ, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ൈക്ലവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് ഇംറാനുവേണ്ടി ലോകക്രിക്കറ്റിന്റെ ശബ്ദമായി രംഗത്തുവന്നത്.
മുൻ പ്രധാനമന്ത്രിയും, തെഹ്‍രികെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകനുമായ ഇംറാൻ ഖാനെതിരെ രാഷ്ട്രീയ പകപോക്കലോടെയാണ് അഴിമതി കേസുകൾ ചുമത്തി പാക് സർക്കാർ തടവിലാക്കിയത്. തടവിൽ കഴിയുന്ന ഇംറാൻ ഖാൻ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ അതീവ ഗുരുതാരവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇംറാന്റെ കാഴ്ച ശക്തി 85 ശതമാനവും നഷ്ടമായതായി അഭിഭാഷകൻ സഫ്ദർ ഖാൻ അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ജയിലിൽ ഇംറാന്റെ ആരോഗ്യത്തിലും, ചികിത്സയിലും അതീവ ആശങ്ക പ്രകടിപ്പിക്കുന്നതായി 14 ക്യാപ്റ്റൻമാരും ഒപ്പുവെച്ച പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
പാകിസ്താനെ 1992 ലോകകപ്പ് കിരീട വിജയത്തിലേക്ക് നയിച്ച ഇംറാൻ, ലോകമെങ്ങും ആദരിക്കപ്പെടുകയും, തലമുറകൾക്ക് പ്രചോദനമാവുകയും ചെയ്ത നായകനാണ്. കളിക്കളത്തിലെ പ്രകടനവും, സ്പോർട്സ്മാൻ സ്പിരിറ്റുംകൊണ്ട് ആരാധകരെ സൃഷ്ടിച്ച ഇംറാൻ, രാഷ്ട്രീയത്തിലിറങ്ങി വെല്ലുവിളിയേറിയ കാലത്ത് രാജ്യത്തെ നയിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ജയിലിൽ കഴിയുന്ന ഇംറാന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നു. സ്പോർട്സ് ഇതിഹാസവും, ആഗോള ക്രിക്കറ്റിലെ പാകിസ്താൻ ഐക്കണുമായ ഇംറാന് മനുഷ്യത്വത്തിന്റെ പേരിൽ മെച്ചപ്പെട്ട ചികിത്സയും പരിചരണവും അർഹിക്കുന്നതായി അദ്ദേഹത്തിന്റെ സമകാലികരായ ക്രിക്കറ്റ് താരങ്ങൾ എന്ന നിലയിൽ ഞങ്ങൾ ആവശ്യപ്പെടുന്നു. കുടുംബങ്ങൾക്ക് സന്ദർശിക്കാനുള്ള അനുമതിയും, സുതാര്യമായ നിയമനടപടികളും ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു -പാകിസ്താൻ സർക്കാറിനോടായുള്ള അഭ്യർത്ഥനയിൽ താരങ്ങൾ വ്യക്തമാക്കി.
പ്രസ്താവനയിൽ ഒപ്പിട്ടില്ലെങ്കിലും പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും രംഗത്തെത്തി.
73കാരനായ ഇംറാൻ ഖാൻ രണ്ടര വർഷമായി റാവൽപിണ്ടിയിലെ അദിയാല ജയിലിലാണ് തടവിൽ കഴിയുന്നത്. മാസങ്ങളായി ഏകാന്ത തടവ് അനുഭവിക്കുന്ന ഇംറാനെ സന്ദർശിക്കാൻ ബന്ധുക്കൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
