കൊളംബോ: വിവാദങ്ങളുടെ കേന്ദ്രമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ഏഷ്യൻ കപ്പ് ട്വന്റി20യിൽ ഹസ്തദാനം മുതൽ ഫൈനലിലെ ട്രോഫി നിഷേധം വരെ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തിയപ്പോഴും വിവാദങ്ങൾ ക്രീസ് വിടുന്നില്ല.
ഇന്ത്യ -പാകിസ്താൻ നയതന്ത്ര-രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നു ഇതുവരെ ക്രിക്കറ്റ് കളം വാണതെങ്കിൽ, ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പിലെ അങ്കത്തിൽ ടോസിലെ പിഴവായിരുന്നു ശ്രദ്ധേയം.
കൊളംബോ േപ്രമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുമ്പായി മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു ടോസിടൽ. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ടോസിനായി നാണയം എറിഞ്ഞപ്പോൾ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന വിളിച്ചത് ടെയ്ൽ. പക്ഷേ, ആസ്ട്രേലിയൻ ടി.വി അവതാരക മിൽ ജോൺസ് കേട്ടത് ഹെഡ്സ് എന്നും. മൈതാനത്ത് നാണയം വീണത് ഹെഡ്സിൽ വീണതോടെ പിഴവ് മനസ്സിലാകാത്ത മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സ് ടോസ് പാകിസ്താന് സമ്മാനിച്ച് പിരിഞ്ഞു. പാകിസ്താൻ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയക്കാനും തീരുമാനിച്ചു.
വലിയൊരു അബദ്ധമാണ് കളിക്കു മുമ്പേ എന്ന് പിന്നീട് ടി.വി റിേപ്ലകളിൽ തിരിച്ചറിഞ്ഞുവെങ്കിലും അപ്പോഴേക്കും കളി പുരോഗമിച്ചിരുന്നു.
മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 88 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 248 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 159 റൺസിന് പുറത്തായതോടെയാണ് ഇന്ത്യക്ക് അനായാസ വിജയമെത്തിയത്.
ആദ്യ ബാറ്റിങ്ങും, ബൗളിങ്ങുമെല്ലാം നിർണായകമാവുന്ന മത്സരങ്ങളിൽ ടോസിലെ വിജയം കളിയുടെ ഗതി തന്നെ തീരുമാനിക്കുന്ന സ്ഥാനത്താണ് മാച്ച് റഫറിക്കും പ്രസന്റർക്കും വൻ അബദ്ധം പിണഞ്ഞത്. എന്നാൽ, തന്റെ കാൾ തിരുത്താത്ത പാകിസ്താൻ നായികയുടെ നിലപാടും വിമർശനത്തിന് വിധേയമായി.