പത്തൊമ്പതാം ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം



ബംഗളൂരു: 17 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ അവരുടെ ആദ്യ എതിരാളി സൺറൈസേഴ്സ് ഹൈദരാബാദ്.

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 64 സിവസങ്ങൾക്കും 73 മത്സരങ്ങൾക്കും ശേഷം ഫൈനലിനും ആതിഥ്യംവഹിക്കുക ചിന്നസ്വാമി സ്റ്റേഡിയംതന്നെയാവും. ചിന്നസ്വാമി സ്റ്റേഡിയത്തിനിത് വൈകാരിക മത്സരമാവും. കഴിഞ്ഞതവണ ചാമ്പ്യന്മാരായ ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങൾക്കിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകർ മരിച്ചിരുന്നു.

ഇതോടെ ഇനി ഇവിടെ ഐ.പി.എൽ അടക്കം വൻ മത്സരങ്ങൾ ഒന്നും നടക്കാനിടയില്ല എന്ന അവസ്ഥയിൽനിന്നാണിപ്പോൾ ഐ.പി.എല്ലിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. അന്ന് മരിച്ചവരോടുള്ള ആദര സൂചകമായി സ്റ്റേഡിയത്തിലെ 11 ഇരിപ്പിടങ്ങൾ ഒഴിച്ചിടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനും ഐ.പി.എല്ലിലെ തങ്ങളുടെ മത്സരങ്ങൾക്കു മുമ്പുള്ള പരിശീലനത്തിനിറങ്ങുമ്പോൾ കളിക്കാരെല്ലാം 11 നമ്പർ ജഴ്സി ധരിക്കുമെന്ന് റോയൽ ചലഞ്ചേഴ്സും വ്യക്തമാക്കിയിട്ടുണ്ട്.

10 ടീമുകൾ; ലക്ഷ്യം ഒന്ന്

19ാം സീസണിന് തുടക്കമാവുമ്പോൾ ഒന്നിനൊന്ന് കരുത്തരായ 10 കളിസംഘങ്ങളാണ് ഐ.പി.എല്ലിന്റെ സമ്മോഹന ട്രോഫി ലക്ഷ്യമിട്ട് അങ്കത്തട്ടിലിറങ്ങുന്നത്. അഞ്ചുതവണ വീതം ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, മൂന്നുവട്ടം ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഓരോ തവണ ജേതാക്കളായ സൺറൈസേഴ്സ് ഹൈദരാബാദ്, ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം ഇതുവരെ കിരീടഭാഗ്യമില്ലാതിരുന്ന പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് ടീമുകളാണ് പോരിനിറങ്ങുക.

ധോ-രോ-കോ ത്രയം

കാലമേറെയായിട്ടും കരുത്തും പകിട്ടും ചോരാതെ നിൽക്കുന്ന മഹന്ദ്രേ സിങ് ധോണിയും വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഇത്തവണയും ഐ.പി.എല്ലിനുണ്ടെന്നത് ആരാധകരുടെ ആവേശം വർധിപ്പിക്കുന്ന കാഴ്ചയാണ്. ഓരോ സീസണും തന്റെ അവസാനത്തേതാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്ത തവണയും വീര്യം ചോരാതെയെത്തുന്ന ധോണിക്കൊപ്പം തങ്ങളുടെ ടീമുകളുടെ പ്രധാന താരങ്ങളായിത്തന്നെയാണ് വിരാടും രോഹിത്തും ഇത്തവണയും കളത്തിലിറങ്ങുന്നത്.

പുതിയ സഞ്ജു, പുതിയ ടീം

രാജസ്ഥാൻ റോയൽസുമായുള്ള ഏറെക്കാലത്തെ ബന്ധമവസാനിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുമ്പോൾ ചെന്നൈ ആരാധകർക്കൊപ്പം സഞ്ജുവിനെ സ്നേഹിക്കുന്ന മലയാളികളും ആവേശത്തിലാണ്. ട്വന്റി20 ലോകകപ്പിൽ അസാമാന്യ പ്രകടന മികവുമായി സഞ്ജു താരമായി മാറുകയുംകൂടി ചെയ്തതോടെ ആവേശം പരകോടിയിലെത്തിക്കഴിഞ്ഞു.

പുതുതാരങ്ങളുടെ കാലം

എല്ലാ തവണത്തെയുംപോലെ ഈ സീസണിലും ആരാധകർ പ്രതീക്ഷയോടെ കാണുന്ന നിരവധി പുതുതാരങ്ങൾ ഐ.പി.എല്ലിനെത്തുന്നുണ്ട്. ചെന്നൈയുടെ പ്രശാന്ത് വീർ, രാജസ്ഥാന്റെ കാർത്തിക് ശർമ, ഡൽഹിയുടെ ആഖിബ് നബി, ഗുജറാത്തിന്റെ അശോക് ശർമ, കൊൽക്കത്തയുടെ തേജസ്വി ദാഹിയ, ലഖ്നോയുടെ നമൻ തിവാരി, മുംബൈയുടെ എ.എം. ഗൻസഫർ, പഞ്ചാബിന്റെ മിച്ചൽ ഓവൻ, ബംഗളൂരുവിന്റെ ജേക്കബ് ബെഥൽ, ഹൈദരാബാദിന്റെ ശിവാങ് കുമാർ തുടങ്ങി നിരവധി പുത്തൻ പ്രതിഭകൾ അവസരം കാത്തിരിക്കുന്നുണ്ട്.

വ്യാജ ഐ.പി.എൽ ടിക്കറ്റ് വിൽപന: തട്ടിപ്പ് സംഘങ്ങൾ സജീവമെന്ന് പൊലീസ്

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലീഗായ ഐ.പി.എൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജപേജുകളും പരസ്യങ്ങളും പ്രചരിക്കപ്പെടുന്നതായും ഇതിനെതിരെ ജാഗ്രത വേണമെന്നും പൊലീസ്. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും വി.ഐ.പി ടിക്കറ്റ്, ലിമിറ്റഡ് സീറ്റ്സ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്.

ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ, ഇവ തട്ടിപ്പാണെന്ന് മനസ്സിലാക്കുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാകുമെന്നും പൊലീസ് പറയുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ: സമൂഹ മാധ്യമം വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകൾ ഉടൻ വിശ്വസിക്കരുത്. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗീകൃത വിൽപന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക. സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക. അപരിചിതരുമായുള്ള ഓൺലൈൻ പണമിടപാട് ഒഴിവാക്കുക. ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണം.

ഐ.പി.എൽ ഫിക്സ്ചർ

  • (തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തിൽ)
  • മാർച്ച് 28 7.30 pm ബംഗളൂരു-ഹൈദരാബാദ് (ബംഗളൂരു)
  • മാർച്ച് 29 7.30 pm മുംബൈ-കൊൽക്കത്ത (മുംബൈ)
  • മാർച്ച് 30 7.30 pm രാജസ്ഥാൻ-ചെന്നൈ (ഗുവാഹതി)
  • മാർച്ച് 31 7.30 pm പഞ്ചാബ്-ഗുജറാത്ത് (ചണ്ഡിഗഢ്)
  • ഏപ്രിൽ 1 7.30 pm ലഖ്നോ-ഡൽഹി (ലഖ്നോ)
  • ഏപ്രിൽ 2 7.30 pm കൊൽക്കത്ത-ഹൈദരാബാദ് (കൊൽക്കത്ത)
  • ഏപ്രിൽ 3 7.30 pm ചെന്നൈ-പഞ്ചാബ് (ചെന്നൈ)
  • ഏപ്രിൽ 4 3.30 pm ഡൽഹി-മുംബൈ (ഡൽഹി)
  • ഏപ്രിൽ 4 7.30 pm ഗുജറാത്ത്-രാജസ്ഥാൻ (അഹ്മദാബാദ്)
  • ഏപ്രിൽ 5 3.30 pm ഹൈദരാബാദ്-ലഖ്നോ (ഹൈദരാബാദ്)
  • ഏപ്രിൽ 5 7.30 pm ബംഗളൂരു-ചെന്നൈ (ബംഗളൂരു)
  • ഏപ്രിൽ 6 7.30 pm കൊൽക്കത്ത-പഞ്ചാബ് (കൊൽക്കത്ത)
  • ഏപ്രിൽ 7 7.30 pm രാജസ്ഥാൻ-മുംബൈ (ഗുവാഹതി)
  • ഏപ്രിൽ 8 7.30 pm ഡൽഹി-ഗുജറാത്ത് (ഡൽഹി)
  • ഏപ്രിൽ 9 7.30 pm കൊൽക്കത്ത-ലഖ്നോ (കൊൽക്കത്ത)
  • ഏപ്രിൽ 10 7.30 pm രാജസ്ഥാൻ-ബംഗളൂരു (ഗുവാഹതി)
  • ഏപ്രിൽ 11 3.30 pm പഞ്ചാബ്-ഹൈദരാബാദ് (ചണ്ഡിഗഢ്)
  • ഏപ്രിൽ 11 7.30 pm ചെന്നൈ-ഡൽഹി (ചെന്നൈ)
  • ഏപ്രിൽ 12 3.30 pm ലഖ്നോ-ഗുജറാത്ത് (ലഖ്നോ)
  • ഏപ്രിൽ 12 7.30 pm മുംബൈ-ബംഗളൂരു (മുംബൈ)
  • ഏപ്രിൽ 13 7.30 pm ഹൈദരാബാദ്-രാജസ്ഥാൻ (ഹൈദരാബാദ്)
  • ഏപ്രിൽ 14 7.30 pm ചെന്നൈ-കൊൽക്കത്ത (ചെന്നൈ)
  • ഏപ്രിൽ 15 7.30 pm ബംഗളൂരു-ലഖ്നോ (ബംഗളൂരു)
  • ഏപ്രിൽ 16 7.30 pm മുംബൈ-പഞ്ചാബ് (മുംബൈ)
  • ഏപ്രിൽ 17 7.30 pm ഗുജറാത്ത്-കൊൽക്കത്ത (അഹ്മദാബാദ്)
  • ഏപ്രിൽ 18 3.30 pm ബംഗളൂരു-ഡൽഹി (ബംഗളൂരു)
  • ഏപ്രിൽ 18 7.30 pm ഹൈദരാബാദ്-ചെന്നൈ (ഹൈദരാബാദ്)
  • ഏപ്രിൽ 19 3.30 pm കൊൽക്കത്ത-രാജസ്ഥാൻ (കൊൽക്കത്ത)
  • ഏപ്രിൽ 19 7.30 pm പഞ്ചാബ്-ലഖ്നോ (ന്യൂ ചണ്ഡിഗഢ്)
  • ഏപ്രിൽ 20 7.30 pm ഗുജറാത്ത്-മുംബൈ (അഹ്മദാബാദ്)
  • ഏപ്രിൽ 21 7.30 pm ഹൈദരാബാദ്-ഡൽഹി (ഹൈദരാബാദ്)
  • ഏപ്രിൽ 22 7.30 pm ലഖ്നോ-രാജസ്ഥാൻ (ലഖ്നോ)
  • ഏപ്രിൽ 23 7.30 pm മുംബൈ-ചെന്നൈ (മുംബൈ)
  • ഏപ്രിൽ 24 7.30 pm ബംഗളൂരു-ഗുജറാത്ത് (ബംഗളൂരു)
  • ഏപ്രിൽ 25 3.30 pm ഡൽഹി-പഞ്ചാബ് (ഡൽഹി)
  • ഏപ്രിൽ 25 7.30 pm രാജസ്ഥാൻ-ഹൈദരാബാദ് (ജയ്പുർ)
  • ഏപ്രിൽ 26 3.30 pm ഗുജറാത്ത്-ചെന്നൈ (അഹ്മദാബാദ്)
  • ഏപ്രിൽ 26 7.30 pm ലഖ്നോ-കൊൽക്കത്ത (ലഖ്നോ)
  • ഏപ്രിൽ 27 7.30 pm ഡൽഹി-ബംഗളൂരു (ഡൽഹി)
  • ഏപ്രിൽ 28 7.30 pm പഞ്ചാബ്-രാജസ്ഥാൻ (ചണ്ഡിഗഢ്)
  • ഏപ്രിൽ 29 7.30 pm മുംബൈ-ഹൈദരാബാദ് (മുംബൈ)
  • ഏപ്രിൽ 30 7.30 pm ഗുജറാത്ത്-ബംഗളൂരു (അഹ്മദാബാദ്)
  • മേയ് 1 7.30 pm രാജസ്ഥാൻ-ഡൽഹി (ജയ്പുർ)
  • മേയ് 2 7.30 pm ചെന്നൈ-മുംബൈ (ചെന്നൈ)
  • മേയ് 3 3.30 pm ഹൈദരാബാദ്-കൊൽക്കത്ത (ഹൈദരാബാദ്)
  • മേയ് 3 7.30 pm ഗുജറാത്ത്-പഞ്ചാബ് (അഹ്മദാബാദ്)
  • മേയ് 4 7.30 pm മുംബൈ-ലഖ്നോ (മുംബൈ)
  • മേയ് 5 7.30 pm ഡൽഹി-ചെന്നൈ (ഡൽഹി)
  • മേയ് 6 7.30 pm ഹൈദരാബാദ്-പഞ്ചാബ് (ഹൈദരാബാദ്)
  • മേയ് 7 7.30 pm ലഖ്നോ-ബംഗളൂരു (ലഖ്നോ)
  • മേയ് 8 7.30 pm ഡൽഹി-കൊൽക്കത്ത (ഡൽഹി)
  • മേയ് 9 7.30 pm രാജസ്ഥാൻ-ഗുജറാത്ത് (ജയ്പുർ)
  • മേയ് 10 3.30 pm ചെന്നൈ-ലഖ്നോ (ചെന്നൈ)
  • മേയ് 10 7.30 pm ബംഗളൂരു-മുംബൈ (റായ്പുർ)
  • മേയ് 11 7.30 pm പഞ്ചാബ്-ഡൽഹി (ധരംശാല)
  • മേയ് 12 7.30 pm ഗുജറാത്ത്-ഹൈദരാബാദ് (അഹ്മദാബാദ്)
  • മേയ് 13 7.30 pm ബംഗളൂരു-കൊൽക്കത്ത (റായ്പുർ)
  • മേയ് 14 7.30 pm പഞ്ചാബ്-മുംബൈ (ധരംശാല)
  • മേയ് 15 7.30 pm ലഖ്നോ-ചെന്നൈ (ലഖ്നോ)
  • മേയ് 16 7.30 pm കൊൽക്കത്ത-ഗുജറാത്ത് (കൊൽക്കത്ത)
  • മേയ് 17 3.30 pm പഞ്ചാബ്-ബംഗളൂരു (ധരംശാല)
  • മേയ് 17 7.30 pm ഡൽഹി-രാജസ്ഥാൻ (ഡൽഹി)
  • മേയ് 18 7.30 pm ചെന്നൈ-ഹൈദരാബാദ് (ചെന്നൈ)
  • മേയ് 19 7.30 pm രാജസ്ഥാൻ-ലഖ്നോ (ജയ്പുർ)
  • മേയ് 20 7.30 pm കൊൽക്കത്ത-മുംബൈ (കൊൽക്കത്ത)
  • മേയ് 21 7.30 pm ചെന്നൈ-ഗുജറാത്ത് (ചെന്നൈ)
  • മേയ് 22 7.30 pm ഹൈദരാബാദ്-ബംഗളൂരു (ഹൈദരാബാദ്)
  • മേയ് 23 7.30 pm ലഖ്നോ-പഞ്ചാബ് (ലഖ്നോ)
  • മേയ് 24 3.30 pm മുംബൈ-രാജസ്ഥാൻ (മുംബൈ)
  • മേയ് 24 7.30 pm കൊൽക്കത്ത-ഡൽഹി (കൊൽക്കത്ത)



© Madhyamam