
കൊളംബോ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിനിടെ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരിയോട് മോശമായി പെരുമാറി പാകിസ്താൻ താരം. സൂപ്പർ എട്ട് റൗണ്ടിൽ ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിനു മുമ്പാണ് സംഭവം. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഒരു ഹോട്ടലിലാണ് പാകിസ്താൻ താരങ്ങൾ താമസിച്ചിരുന്നത്.
താരത്തിന്‍റെ നടപടി വിവാദമായതോടെ ടീം മാനേജർ പിഴ ചുമത്തി. ശ്രീലങ്കക്കെതിരായ അവസാന സൂപ്പർ എട്ട് റൗണ്ട് മത്സരത്തിനു മുന്നോടിയായി, പാകിസ്താൻ ലോകകപ്പ് സ്ക്വാഡിലുള്ള ഒരു താരം താമസിക്കുന്ന ഹോട്ടലിലെ ഹൗസ്കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാണ് ടെലികോം ഏഷ്യ സ്പോർട് റിപ്പോർട്ട് ചെയ്തത്. ജീവനക്കാരി ബഹളം വെച്ചതോടെ മറ്റുള്ളവർ സഹായത്തിനായി ഓടിയെത്തി. താരത്തിനെതിരെ ടീം മാനേജർ നവൈദ് ചീമക്ക് പരാതി കൊടുത്തതായും റിപ്പോർട്ടിലുണ്ട്. താരത്തിന്‍റെ നടപടിയിൽ ചീമ പരസ്യമായി മാപ്പു പറഞ്ഞതോടെയാണ് സംഭവം കൂടുതൽ വിവാദമാകാതെ കെട്ടടങ്ങിയത്.
താരത്തിന്‍റെ പേരു വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പാകിസ്താൻ ക്രക്കറ്റ് ബോർഡ് (പി.സി.ബി) അച്ചടക്ക സമിതിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. താരത്തിന്‍റെ കൂടി വിശദീകരണം കേട്ടശേഷം തുടർ നടപടി സ്വീകരിക്കും. ഇത് ആദ്യമായല്ല പാക് താരങ്ങൾക്കെതിരെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ പരാതികൾ ഉയരുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ പീഡന കേസുമായി ബന്ധപ്പെട്ട് പാകിസ്താൻ യുവ ബാറ്റർ ഹൈദർ അലിയെ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പിന്നീട് തെളിവുകളുടെ അഭാവത്തിൽ താരത്തെ വെറുതെ വിട്ടു.
സൂപ്പർ എട്ടിൽ ശ്രീലങ്കയോട് അഞ്ചു റൺസിന് ജയിച്ചിട്ടും പാകിസ്താൻ സെമി കാണാതെ പുറത്തായിരുന്നു. പാകിസ്താനും ന്യൂസിലൻഡിനും പോയന്‍റ് തുല്യമായെങ്കിലും റൺ റേറ്റിന്‍റെ ബലത്തിൽ കീവീസ് സെമിയിലെത്തി.
