
ഗുവാഹതി: ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ചരിത്ര വിജയത്തിനരികെ. ഗുവാഹതി ടെസ്റ്റിന്റെ നാലാം ദിനം ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് അഞ്ചിന് 260 റൺസ് എത്തി നിൽക്കെ ഡിക്ലയർ ചെയ്തു. 549 റൺസ് കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 21 റൺസെടുക്കുന്നതിനിടയിൽ രണ്ട് ഓപണർമാരെയും നഷ്ടമായി. 13 റൺസെടുത്ത് യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത് കെ.എൽ.രാഹുലുമാണ് പുറത്തായത്.
14 ഓവറിൽ രണ്ടിന് 27 റൺസ് എന്ന നിലയിലാണ്. രണ്ടു റൺസെടുത്ത് സായ് സുദർശനും നാല് റൺസെടുത്ത് കുൽദീപ് യാദവുമാണ് ക്രീസിൽ. നാലാംദിനം വിക്കറ്റ് നഷ്ടമാകാതെ 26 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിയുടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് വീഴ്ത്താനായത്.
94 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിന്റെയും 49 റൺസെടുത്ത ടോണി ഡെ സോർസിയുടെയും മികവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറാണ് അടിച്ചുകൂട്ടത്. റിയാൻ റിക്കിൽടൺ 35ഉം എയ്ഡൻ മാർക്രം 29ഉം ക്യാപ്റ്റൻ ടെംബ ബാവുമ മൂന്നും റൺസെടുത്ത് പുറത്തായി. 35 റൺസെടുത്ത വിയാൽ മുൽഡർ പുറത്താകാതെ നിന്നു. രവീന്ദ്ര ജദേജക്കായിരുന്നു നാല് വിക്കറ്റ്.
തകർന്നടിഞ്ഞ് ഇന്ത്യ
ഗുവാഹതി ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ വഴങ്ങിയത് 288 റൺസ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 26 റൺസെടുത്ത സന്ദർശകർക്ക് 314 റൺസ് ലീഡുണ്ട്.
വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ ഇന്ത്യ തിങ്കളാഴ്ച കളി ആരംഭിച്ചതിന് പിന്നാലെ ബാറ്റമാർ ഓരോന്നായി കൂടാരം കയറുന്നതായിരുന്നു കാഴ്ച. ഓപണർ യശസ്വി ജയ്സ്വാളും (58) കെ.എൽ. രാഹുലും (22) പിടിച്ചുനിന്ന ആദ്യ വിക്കറ്റിൽ മാത്രമേ ഇന്ത്യ പ്രതീക്ഷക്കൊത്ത പോരാട്ടം കാഴ്ചവെച്ചുള്ളൂ. 65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിൽ അടുത്ത 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജദേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവരുടെ പുറത്താകൽ ടീമിനെ അനാഥമാക്കി. ഏഴിന് 122 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യൻ ബാറ്റിങ് നിരയെ വാലറ്റത്ത് പൊരുതി നിന്ന വാഷിങ്ടൺ സുന്ദറും (48), കുൽദീപ് യാദവും (19) ചേർന്നാണ് 200 റൺസ് കടത്തിയത്. ആതിഥേയരെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നിട്ടും ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് ഇറക്കാൻ തീരുമാനിച്ചത് ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ചു.
ദക്ഷിണാഫ്രിക്കക്കായി 91 റൺസ് അടിച്ചെടുത്ത മാർകോ ജാൻസൺ തന്നെയായിരുന്നു ബൗളിങ്ങിലും ഇന്ത്യയെ തരിപ്പണമാക്കിയത്. ആറ് വിക്കറ്റുമായി താരം ഇന്ത്യയുടെ മധ്യനിരയെ തകർത്തു.രണ്ടാം ദിനത്തിൽ 93 റൺസുമായി ബാറ്റിങ്ങിലും ജാൻസൺ താരമായി. കെ.എൽ. രാഹുൽ, സായ് സുദർശൻ, ജയ്സ്വാൾ എന്നീ ആദ്യ മൂന്ന് വിക്കറ്റുകൾ ഹാമറും കേശവ് മഹാരാജും പങ്കിട്ടെടുത്തതിന് പിറകെ അടുത്ത ഏഴുപേരെയും ജാൻസൺ ഒറ്റയാനായി കൂടാരം കയറ്റി. ജാൻസന്റെ പന്തിൽ നാലെണ്ണമടക്കം അഞ്ചുപേരുടെ ക്യാച്ചെടുത്ത മർക്രം ഒരു ഇന്നിങ്സിൽ അത്രയും ക്യാച്ച് സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രോട്ടീസ് താരവുമായി. രണ്ടാം ദിവസം മുത്തുസാമിയുടെ (109) സെഞ്ച്വറിയുടെയും മാർകോ യാൻസണിന്റെ (91) അർധസെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 489 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
