ഗംഭീര ചേസ്! റൺമല താണ്ടി ദക്ഷിണാഫ്രിക്ക, നിസ്സഹായരായി സിറാജ്, കുൽദീപ്, ആകാശ്; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് തോൽവി



ബംഗളൂരു: മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുൽദീപ് യാദവ് ഉൾപ്പെടെ പേരുകേട്ട ഇന്ത്യൻ ബൗളർമാർ അണിനിരന്നിട്ടും അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് അനായാസം ബറ്റേന്തിയ ദക്ഷിണാഫ്രിക്കക്ക് ഗംഭീര ജയം. രണ്ടാം ചതുർദിന ടെസ്റ്റിൽ ഇന്ത്യ എക്കെതിരെ ദക്ഷിണാഫ്രിക്ക എ ടീം അഞ്ചു വിക്കറ്റിനാണ് ജയിച്ചത്.

അവസാനദിനമായ ഞായറാഴ്ച സന്ദർശകർക്ക് ജയിക്കാൻ 392 റൺസായിരുന്നു വേണ്ടിയിരുന്നത്, കൈയിൽ പത്തു വിക്കറ്റും. രണ്ടാമിന്നിങ്സിൽ ഏഴ് വിക്കറ്റിന് 382ലെത്തിയ ഇന്ത്യ ഡിക്ലയർ ചെയ്ത് പ്രോട്ടീസിന് 417 റൺസിന്റെ ലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. ഓപ്പണർമാരായ ജോർദൻ ഹെർമൻ (123 പന്തിൽ 91), ലെസെഗോ സെനോക്വാനെ (174 പന്തിൽ 77), സുബൈർ ഹംസ (88 പന്തിൽ 77), തെംബ ബാവുമ (101 പന്തിൽ 59), കോണർ എസ്റ്റർഹുയിസെൻ (54 പന്തിൽ 52*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയത്.

സ്‌കോര്‍: ഇന്ത്യ എ -255 & 382/7 ഡി, ദക്ഷിണാഫ്രിക്ക എ -221 & 417/5. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിലായി (1-1). ആദ്യ ടെസ്റ്റ് ഇന്ത്യ മൂന്നു വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. ഒന്നാം വിക്കറ്റിൽ ജോർദനും ലെസെഗോയും ചേർന്ന് നേടിയ 156 റൺസിന്‍റെ കൂട്ടുകെട്ടാണ് പ്രോട്ടീസിന് കരുത്തായത്. ഹെര്‍മനെ പുറത്താക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്.

സെനോക്വാനെ ഹര്‍ഷ് ദുബെ മടക്കി. മൂന്നാം വിക്കറ്റിൽ സുബൈർ ഹംസ-ബാവുമ സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. നായകൻ മാർക്വസ് അക്കർമാൻ 26 പന്തിൽ 24 റൺസെടുത്തു. എസ്റ്റർഹുയിസെനും തിയാൻ വാൻ വൂരെനുമാണ് (23 പന്തിൽ 20) ടീമിനെ ജയിപ്പിച്ചത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 15 ഓവറിൽ 49 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 17 ഓവർ എറിഞ്ഞെങ്കിലും കുൽദീപിന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്സിലും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയ ധ്രുവ് ജുറെലിന്റെ കരുത്തിലാണ് ഇന്ത്യൻ മികച്ച സ്കോറിലെത്തിയത്.

ആദ്യ ഇന്നിങ്സിലും ജുറെൽ അപരാജിത സെഞ്ച്വറി നേടിയിരുന്നു. 132 റൺസെടുത്ത ഒന്നാം ഇന്നിങ്സ് പോലെ എതിരാളികൾക്ക് അവസരമൊന്നും നൽകാത്തതായിരുന്നു രണ്ടാം ഇന്നിങ്സിലും ജുറെലിന്റെ ബാറ്റിങ്.



© Madhyamam