സ്മൃതിക്കും ജെമീമക്കും അർധ സെഞ്ച്വറി, ഓസീസിനെതിരെ ജയം; പരമ്പര പിടിച്ച് ഇന്ത്യ



അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരക്ക് 159 റൺസേ കണ്ടെത്താനായുള്ളൂ. അർധ സെഞ്ചന്‍റി നേടിയ ആഷ്ലി ഗാർഡ്നറാണ് (57) അവരുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന (55 പന്തിൽ 82) ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തു പകർന്നപ്പോൾ ബൗളർമാരിൽ ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും തിളങ്ങി. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 176, ആസ്ട്രേലിയ -20 ഓവറിൽ ഒമ്പതിന് 159.

കകടുത്ത പോരാട്ടം നടന്ന ടി20 പരമ്പരയിൽ ആസ്‌ട്രേലിയൻ കരുത്തിനെ മറികടന്നുകൊണ്ട് ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ആസ്‌ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ശ്രേയങ്ക, ഓസീസ് ബാറ്റിങ് നിരയെ സമ്മർദത്തിലാക്കി. നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ ശ്രേയങ്ക പ്രധാന പങ്കുവഹിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വെറ്ററൻ ഓപണർ സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി, ആസ്‌ട്രേലിയൻ ബൗളർമാരെ തരംകിട്ടിയപ്പോഴെല്ലാം ബൗണ്ടറി കടത്തി. ടീമിന് ആവശ്യമായ വേഗതയിൽ റൺസ് കണ്ടെത്തിയ സ്മൃതിയുടെ അർധ സെഞ്ച്വറി ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസും (59) അർധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സ്മൃതിയും ജെമീമയും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.



© Madhyamam