ആറാം കപ്പ് തേടി ആറാം കൊല്ലം


മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് കിരീടങ്ങളെന്ന റെക്കോഡ് പങ്കിടുന്ന മുംബൈക്ക് പക്ഷേ കഴിഞ്ഞ അഞ്ച് വർഷവും പച്ച തൊടാനായിട്ടില്ല. മുംബൈയുടെ അഞ്ചാം കിരീടം 2020ലായിരുന്നു. ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് ആറാം വർഷത്തിലെത്തിയിരിക്കുന്നു.

ബാറ്റിങ്ങിൽ കരുത്തർ

എല്ലാ തവണത്തെയും പോലെ ശക്തമായ ബാറ്റിങ് നിരയുമായാണ് മുംബൈയുടെ വരവ്. കുറച്ചുവർഷങ്ങളായുള്ള ഇന്ത്യൻ ബാറ്റർമാരുടെ കരുത്തുറ്റ നിരതന്നെയാണ് അവരുടെ മുതൽക്കൂട്ട്. മുൻ നായകൻ രോഹിത് ശർമ തുടക്കമിടുന്ന ബാറ്റിങ്ങിൽ മറുവശത്ത് ഇന്നിങ്സ് തുടങ്ങാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ-കീപ്പർമാരായ ക്വിന്റൺ ഡികോക്-റ്യാൻ റിക്കിൾടൺ സഖ്യത്തിലൊരാളുണ്ടാവും. മധ്യനിര ഏറക്കുറെ ഇന്ത്യൻ ദേശീയ ടീമിന്റെ മധ്യനിരതന്നെ-സൂര്യകുമാർ യാദവും തിലക് വർമയും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും. ആറാമനായി നമാന ധിർ എത്തും. റോബിൻ മിൻസ്, ദാനിഷ് മലേവാർ എന്നിവരാണ് ബാറ്റിങ് നിരയിലെ റിസർവ് താരങ്ങൾ.

ബൗളിങ്ങും കേമം

എല്ലാതരം മത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന ജസ്പ്രീത് ബുംറതന്നെ ബൗളിങ്ങിൽ ടീമിന്റെ വജ്രായുധം. ന്യൂബാളിൽ വിക്കറ്റെടുക്കാൻ മിടുക്കനായ ട്രെന്റ് ബോൾട്ടിന്റെ പരിചയസമ്പത്ത് കൂടിയാവുമ്പോൾ പേസ് ബൗളിങ്ങിൽ ആശങ്കകളില്ല. മൂന്നാം പേസറായി ഐ.പി.എല്ലിൽ മികച്ച റെക്കോഡുള്ള ദീപക് ചഹാറുമുണ്ട്. വേണമെങ്കിൽ അശ്വിനി കുമാറിന്റെ ഇടംകൈയൻ പേസും. സ്പിൻ വിഭാഗത്തിൽ ലെഗ്ഗി മായങ്ക് മാർക്കണ്ഡെ തിരിച്ചെത്തിയതാണ് പ്രധാനം. ഇടംകൈയൻ സ്പിന്നർ മിച്ചൽ സാന്റ്നറും അഫ്ഗാന്റെ നിഗൂഢ സ്പിന്നർ എ.എം. ഗൻസഫറുമുണ്ട്.

ഓൾറൗണ്ട് മികവ്

ഏത് ഘട്ടത്തിലും ഉപയോഗിക്കാവുന്ന ഓൾറൗണ്ടർമാരാലും സമ്പന്നമാണ് മുംബൈ ടീം. ഹർദികിനും സാന്റ്നർക്കും പുറമെ വിൽ ജാക്സ്, കോർബിൻ ബോഷ്, ശർദുൽ ഠാകൂർ, ഷെർഫയ്ൻ റൂഥർഫോഡ് എന്നിവരും പന്തും ബാറ്റും കൊണ്ട് മികവ് കാട്ടാൻ കെൽപുള്ളവരാണ്.

സാധ്യത ടീം

രോഹിത് ശർമ, ക്വിന്റൺ ഡികോക്/റ്യാൻ റിക്കിൾടൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, നമാൻ ധിർ, വിൽ ജാക്സ്, മിച്ചൽ സാന്റ്നർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ.

© Madhyamam