
മുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടയിലേറ്റ പരിക്കിൽ നിന്നും മുക്തനായി ശ്രേയസ് അയ്യർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ആശുപത്രി വിട്ട ശേഷവും ആസ്ട്രേലിയയിൽ തന്നെ തുടരുന്ന താരം, ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. കടൽ തീരത്ത് വെയിൽ കൊള്ളുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രേയസ് അയ്യർ തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്.
‘സൂര്യൻ മിച്ച തെറാപ്പിയാണ്. തിരിച്ചുവരവിൽ നന്ദി. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി’ -എന്ന കുറിപ്പുമായി കടൽ തീരുത്തു നിന്നുള്ള ചിത്രം താരം ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഒക്ടോബർ 25ന് സിഡ്നിയിലെ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ആസ്ട്രേലിയൻ താരം അലക്സ് കാരിയുടെ ഷോട്ട്, പിറകിലേക്ക് ഓടി കൈപ്പിടിയിലൊതുക്കി ശ്രേയസിന് വീഴ്ചക്കിടെ വാരിയെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും ആരംഭിച്ചു. തുടർന്ന്, ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം, സിഡ്നിയിൽ തന്നെ തുടർന്ന ശേഷം നവംബർ ഒന്നിനാണ് ഡിസ്ചാർജായത്.
ബി.സി.സി.ഐ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘവും മേൽനോട്ടം വഹിച്ചു.
സിഡ്നിയിൽ തന്നെ തുടരുന്ന ശ്രേയസ് അയ്യർ, തുടർ ചികിത്സകൾ കൂടി പൂർത്തിയാക്കിയ ശേഷം മാത്രമാവും ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം മാത്രമാവും താരം കളിക്കളത്തിൽ തിരിച്ചെത്തുന്നത്.
