ചെപ്പോക്കിൽ സഞ്ജു ഷോ; ഡൽഹിക്കെതിരെ ചെന്നൈക്ക് മികച്ച തുടക്കം



ചെന്നൈ: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ തുടക്കം. ചെപ്പോക്കിലെ ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസൺ മിന്നൽ വേഗത്തിൽ അർധ സെഞ്ചുറി കുറിച്ചതോടെ ചെന്നൈ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. വെറും 26 പന്തിൽ നിന്നാണ് സഞ്ജു സീസണിലെ ശ്രദ്ധേയമായ ഫിഫ്റ്റി തികച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചെന്നൈ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജുവും ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദും ചേർന്ന് ഒന്നാം വിക്കറ്റിൽ 62 റൺസ് ചേർത്തു. 18 പന്തിൽ 15 റൺസെടുത്ത ഗെയ്കവാദിനെ ഏഴാം ഓവറിൽ ചെന്നൈക്ക് നഷ്ടമായെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു. 11 ബൗണ്ടറികളും 2 സിക്സും സഞ്ജുവിന്റെ ഇന്നിംഗ്‌സിന് കരുത്തേകി. നിലവിൽ സഞ്ജുവിനൊപ്പം (77*) ആയുഷ് മാത്രെയാണ് (25*) ക്രീസിൽ.

പരിക്കേറ്റ എം.എസ്. ധോണി ഇല്ലാതെയാണ് ചെന്നൈ ഇന്നും ഇറങ്ങുന്നത്. ഡീവാൾഡ് ബ്രെവിസ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഗുർജപ്നീത് സിംഗും ഇലവനിൽ ഇടംനേടി. ഡൽഹി നിരയിൽ നിതീഷ് റാണയ്ക്ക് പകരം അഷുതോഷ് ശർമയും വിപ്രാജ നിഗത്തിന് പകരം അക്വിബ് നബിയും ടീമിലെത്തി.



© Madhyamam