
മുംബൈ: ഐ.പി.എല്ലിലെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകാനുള്ള തീയതി അടുത്തിരിക്കെ, മലയാളി താരം സഞ്ജു സാംസണെ ടീം മാറ്റുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. ചെന്നൈ സൂപ്പർ കിങ്സുമായുള്ള ട്രേഡ് ഡീലിൽ ചർച്ച നിർത്തിവെച്ചെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജുവിനെ കൈമാറാൻ രവീന്ദ്ര ജദേജക്കൊപ്പം ഇംഗ്ലിഷ് താരം സാം കറനെ കൂടി നൽകണമെന്ന രാജസ്ഥാന്റെ ആവശ്യം താരകൈമാറ്റത്തിൽ പ്രതിസന്ധിയാകുന്നുവെന്ന് ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സഞ്ജുവിന് പകരം ജദേജയെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് എളുപ്പമാണ്. എന്നാൽ വിദേശ താരങ്ങളുടെ ക്വാട്ടയിൽ പരമാവധി എട്ട് താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്ക് ഉൾപ്പെടുത്താനാകൂ. ജോഫ്ര ആർച്ചർ, ഷിംറോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാകെ, നാന്ദ്രേ ബർഗർ, ലുവാൻദ്രെ പ്രിട്ടോറിയസ് എന്നിവരുള്ള റോയൽസിന്റെ വിദേശ ക്വാട്ടയിൽ നിലവിൽ ഒഴിവില്ല.
സ്ഥലമില്ല എന്നതു കൂടാതെ, കറനെ ടീമിലെത്തിക്കാനുള്ള കാശും രാജസ്ഥാന്റെ കൈവശമില്ല. 2.4 കോടി രൂപക്കാണ് കഴിഞ്ഞ മെഗാലേലത്തിൽ ചെന്നൈ കറനെ സ്വന്തമാക്കിയത്. റോയൽസിന്റെ പേഴ്സിൽ അവശേഷിക്കുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നിരുന്നാലും ജദേജയേയും കറനെയും ടീമിലെത്തിക്കാനുള്ള മാർഗം റോയൽസിനു മുന്നിലുണ്ട്. എന്നാൽ അതിനായി വിദേശതാരങ്ങളിൽ ആരെയെങ്കിലും റിലീസ് ചെയ്ത് സ്ഥലവും കാശും കണ്ടെത്തേണ്ടിവരും.
അതേസമയം രാജസ്ഥാൻ റോയൽസ് ജദേജയുടെ ആദ്യ ഐ.പി.എൽ ടീമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2008ൽ കിരീടം നേടിയ റോയൽസിൽ അംഗമായിരുന്നു അന്ന് 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജദേജ. ആദ്യ രണ്ട് സീസണിലും രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങിയ താരം മുംബൈയുമായി നേരിട്ട് കരാറിലേർപ്പെടാൻ ശ്രമിച്ചതോടെ ഒരു വർഷത്തെ വിലക്ക് നേരിട്ടു. 2011ൽ കൊച്ചി ടസ്കേഴ്സിൽ കളിച്ചു. 2012ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ താരം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. ചെന്നൈ മൂന്നുതവണ കിരീടം നേടുമ്പോൾ ജദേജയും ടീമിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സഞ്ജുവിന് പിറന്നാൾ ആശംസ നേർന്ന് ചെന്നൈ സൂപ്പർ കിങ്സ് പോസ്റ്റിട്ടതോടെ, താരകൈമാറ്റം അന്തിമഘട്ട ചർച്ചയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എം.എസ് ധോണിക്ക് പിൻഗാമിയായി ടീമിനെ നയിക്കാൻ ശേഷിയുള്ള താരം ആര് എന്ന ചോദ്യത്തിന് ഉത്തരമായാണ് ചെന്നൈ സഞ്ജു സാംസണെ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത സീസണോടെ ധോണി വിടവാങ്ങാനാണ് സാധ്യത. ടീമിനെ നയിക്കാൻ ശേഷിയുള്ള താരമായി സഞ്ജുവിനെ ടീം മാനേജ്മെന്റും ധോണിയും കണക്കാക്കുന്നു. അതുകൊണ്ടാണ് ദീർഘകാലമായി തങ്ങൾക്കൊപ്പമുള്ള രവീന്ദ്ര ജദേജയെ കൈമാറി സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ ടീം ശ്രമിക്കുന്നത്.
