വെടിക്കെട്ടുമായി സഞ്ജു, മികവു കാട്ടി ആസിഫും വിഗ്നേഷും; തകർപ്പൻ ജയത്തോടെ കേരളം വീണ്ടും വിജയവഴിയിൽ



ലഖ്നോ: ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്ന് നയിച്ചപ്പോൾ സയ്യിദ് മുഷ്താഖ് അലി ​ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഛത്തീസ്ഗഢിനെ എട്ടുവിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ റെയിൽവേസിനെതിരെ തോൽവി പിണഞ്ഞ കേരളം ഇതോടെ വിജയവഴിയിൽ തിരിച്ചെത്തി. ആദ്യകളിയിൽ സഞ്ജുവും കൂട്ടരും ഒഡിഷയെ തകർത്തിരുന്നു.

ടോസ് നേടിയ കേരളം ഛത്തീസ്ഗഢിനെതിരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എതിർ ബൗളർമാർ അവസരത്തിനുയർന്നതോടെ തിരിച്ചടി നേരിട്ട ഛത്തീസ്ഗഢ് 19.5 ഓവറിൽ 120 റൺസിന് പുറത്തായി. ക്യാപ്റ്റൻ അമൻദീപ് ഖരെ (37പന്തിൽ 41), സഞ്ജീത് ദേശായി (23 പന്തിൽ 35), ശശാങ്ക് ച​ന്ദ്രകാർ (20 പന്തിൽ 17) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫാണ് കേരള ബൗളിങ്ങിൽ തിളങ്ങിയത്. ഐ.പി.എല്ലിൽ മിവു കാട്ടിയ വിഗ്നേഷ് പുത്തൂർ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ നാലോവറിൽ 29 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോൾ ഷറഫുദ്ദീൻ, എം.ഡി. നിധീഷ്, അബ്ദുൽ ബാസിത്ത് എന്നിവർ ഓരോ വിക്ക​റ്റ് സ്വന്തമാക്കി.

ലഖ്നോ ഏകന ക്രിക്കറ്റ് സ്​റ്റേഡിയത്തിൽ മറുപടി ബാറ്റിങ്ങിൽ സഞ്ജുവായിരുന്നു താരം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു ദ്രുതഗതിയിൽ സ്​കോറുയർത്തി. രവി കിരൺ എറിഞ്ഞ ആദ്യ പന്തുതന്നെ സിക്സറടിച്ചായിരുന്നു തുടക്കം. സഞ്ജുവും മറുതലക്കൽ രോഹൻ കുന്നുമ്മലും ചേർന്ന ഓപണിങ് കൂട്ടുകെട്ടിൽ റണ്ണുകൾ ഒഴുകിയെത്തി. സൗരഭ് മജുംദാർ എറിഞ്ഞ ഒരോവറിൽ 23 റൺസ് പിറന്നു. 15 പന്തിൽ രണ്ടു ഫോറും അഞ്ചു തകർപ്പൻ സിക്സറുകളും പായിച്ച നായകൻ 43 റൺസെടുത്താണ് മടങ്ങിയത്.

അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ രവി കിരണിന്റെ പന്തിൽ ആനന്ദ് റാവു പിടിച്ച് സഞ്ജു പുറത്താകുമ്പോൾ കേരളത്തിന്റെ സ്കോർബോർഡിൽ 72 റൺസ് എത്തിയിരുന്നു. 17 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സുമടക്കം 33ലെത്തിയ രോഹൻ അടുത്ത ഓവറിൽ വീണു. പിന്നീട് സൽമാൻ നിസാറും (18 പന്തിൽ 16 നോട്ടൗട്ട്) വിഷ്ണു വിനോദും (14 പന്തിൽ 22​ നോട്ടൗട്ട്) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിക്കുമ്പോൾ 9.2 ഓവർ ബാക്കിയിരിപ്പുണ്ടായിരുന്നു.

കെ.എം. ആസിഫാണ് കളിയിലെ കേമൻ. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു. കേരളത്തിന്റെ അടുത്ത മത്സരം ഡിസംബർ രണ്ടിന് വിദർഭക്കെതിരെയാണ്.



© Madhyamam