കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു



അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും സമ്പൂർണ പരാജയമായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മുനകൂർത്ത ആസ്ട്രേലിയൻ ബാറ്റിങ്ങിനെതിരെ മുട്ടിടിച്ച തുടക്കത്തിനുശേഷം രക്ഷകനായി അതേ രോഹിത് ശർമ. രണ്ടാംഏകദിനത്തിൽ 23 ഓവർ പിന്നിടുമ്പോൾ ഓസീസിനെതിരെ രണ്ടു വിക്കറ്റിന് 99 റൺസെന്ന നിലയിലാണ് സന്ദർശകർ. 53 റൺസുമായി രോഹിതും 35 റൺസെടുത്ത് ശ്രേയസ് അയ്യരുമാണ് ക്രീസിൽ.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ആസ്ട്രേലിയ 1-0ന് മുന്നിലാണ്. അഡലെയ്ഡിൽ ജയിച്ചാൽ ഓസീസ് പരമ്പര നേടും.

ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമടങ്ങിയ ഓപണിങ് ബൗളിങ് ജോടി ഇരു എൻഡുകളിൽനിന്ന് തീതുപ്പിയപ്പോൾ കരുതലോടെയായിരുന്നു ഗിൽ-രോഹിത് ജോടിയുടെ തുടക്കം. പിന്നാലെ ഏഴാം ഓവർ എറിയാനെത്തിയ സേവ്യർ ബാർട്ലെറ്റിന്റെ കൃത്യതയിൽ പക്ഷേ, എല്ലാ പ്ര തിരോധവും പാളി.

ഓവറിലെ ആദ്യ പന്തിനെ ഒരുചുവട് മുന്നോട്ടുകയറി മിഡോഫിന് മുകളിലൂടെ അതിർവര കടത്താൻ ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ മിച്ചൽ മാർഷിന് അനായാസ ക്യാച്ച്. ഒമ്പതു പന്തിൽ ഒരു ബൗണ്ടറിയടക്കം ഒമ്പതു റൺസായിരുന്നു നായകന്റെ സമ്പാദ്യം.

പിന്നാലെയെത്തിയത് സാക്ഷാൽ കോഹ്‍ലി. ആദ്യ മൂന്നു പന്തുകളും പ്രതിരോധിച്ച ബാറ്റിങ് പ്രതിഭക്ക് നാലാം പന്തിൽ പാളി. സ്വതസിദ്ധമായ ഷോട്ടിന് ശ്രമിച്ച ഇന്ത്യക്കാരനെ ബാർട്ലെറ്റ് കിറുകൃത്യമായി എൽ.ബി.ഡബ്ല്യൂവിൽ കുടുക്കി. റണ്ണൊന്നുമില്ലാതെ മടക്കം. ഇന്ത്യ രണ്ടിന് 17 റൺസെന്ന അപകടകരമായ നിലയിൽ.

ശേഷം വിക്കറ്റുകാത്ത് കളിനയിച്ച രോഹിത്-ശ്രേയസ് ജോടിയുടെ രക്ഷാപ്രവർത്തനമാണ് സ്കോർ മുന്നോട്ടുനയിച്ചത്. മിച്ചൽ ഓവനെ രണ്ടു സിക്സറിന് പറത്തിയ രോഹിത് ആത്മവിശ്വാസം ആർജിച്ചതിനൊപ്പം സ്കോറിങ്ങിന്റെ വേഗവും വർധിപ്പിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റിൽ ഇരുവരും 82 റൺസ് ചേർത്തിട്ടുണ്ട്.



© Madhyamam