
ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുർദിന മത്സര പരമ്പരയിൽ ഇന്ത്യ ‘എ’യെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് നയിക്കും.
പരിക്കുമൂലം വിശ്രമത്തിലായ പന്തിന് സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരംകൂടിയാണ് ഒക്ടോബർ 30ന് ബംഗളൂരുവിൽ ആരംഭിക്കുന്ന രണ്ട് മത്സര പരമ്പര. സായ് സുദർശനാണ് വൈസ് ക്യാപ്റ്റൻ. മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലും സംഘത്തിലുണ്ട്.
നവംബർ ആറിന് തുടങ്ങുന്ന രണ്ടാം ചതുർദിനത്തിൽ കെ.എൽ. രാഹുൽ, മുഹമ്മദ് സിറാജ്, ധ്രുവ് ജുറെൽ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് തുടങ്ങിയവർ കളിക്കും.
പന്ത് ‘എ’ ടീം നായകനായി ദേശീയ കുപ്പയത്തിലേക്ക് തിരികെയെത്തുന്നതോടെ രഞ്ജി ട്രോഫിയിൽ ഡൽഹി ടീമിന് താരത്തെ നഷ്ടമാവും. ചതുർദിനത്തിൽ ഫോമിലേക്കുയർന്നാൽ താരത്തിന് നവംബർ 14ന് കൊൽക്കത്തയിൽ ആരംഭികകുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ടീമിൽ ഇടം ഉറപ്പിക്കാം.
