
മുംബൈ: നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യ തുടർച്ചയായി തോൽക്കുന്ന പശ്ചാത്തലത്തിൽ വൻ വിമർശനമേറ്റുവാങ്ങുകയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. രാഹുൽ ദ്രാവിഡിൽ നിന്ന് ഗംഭീർ പരിശീലക കുപ്പായം ഏറ്റെടുത്തതിനു ശേഷം ഇന്ത്യയിൽ കളിച്ച അഞ്ചിൽ ഒരു ടെസ്റ്റ് മാത്രമാണ് ടീമിന് ജയിക്കാനായത്. ന്യൂസിലൻഡ്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളോട് തോറ്റ ഇന്ത്യ, ദുർബലരായ വെസ്റ്റിൻഡീസിനോട് മാത്രമാണ് ജയം പിടിച്ചത്. ഇംഗ്ലണ്ട് പര്യടനമാകട്ടെ, സമനിലയിൽ കലാശിക്കുകയും ചെയ്തു. മുൻ പരിശീലകൻ രവി ശാസ്ത്രിയും ഗംഭീറിനെ സംരക്ഷിക്കാനില്ലെന്ന പരസ്യനിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ്. താരങ്ങളും കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് രവി ശാസ്ത്രി പറയുന്നു.
ഗുവാഹത്തി ടെസ്റ്റിൽ തകർന്നടിഞ്ഞെങ്കിലും ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് അത്ര മോശമല്ലെന്നാണ് ശാസ്ത്രിയുടെ പക്ഷം. നേരത്തെ സ്പിൻ ബൗളർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന താരങ്ങൾ, പ്രോട്ടീസിനെതിരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. “ഗുവാഹത്തിയിൽ എന്താണ് സംഭവിച്ചത്? ഒറ്റ വിക്കറ്റ് നഷ്ടത്തിൽ 100 കടന്ന ടീമിന് 30 റൺസ് നേടുന്നതിനിടെ പിന്നീട് ആറ് വിക്കറ്റുകൾ നഷ്ടമാകുന്നു. അത്ര മോശക്കാരല്ലാത്ത ബാറ്റിങ് നിരയാണ് നമ്മുടേത്. എന്നാലവർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ചെറുപ്പം മുതൽ സ്പിൻ ബൗളിങ്ങിനെതിരെ കളിച്ചാണ് അവർ വരുന്നത്” -പ്രഭാത് ഖാബറിന്‍റെ പോഡ്കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.
പരിശീലകൻ ഗംഭീറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന വാദത്തെ ശാസ്ത്രി തള്ളിക്കളഞ്ഞു. “ഞാൻ അദ്ദേഹത്തെ സംരക്ഷിക്കുന്നില്ല. തോൽവിയിൽ അദ്ദേഹത്തിനും 100 ശതമാനം ഉത്തരവാദിത്തമുണ്ട്. ഞാൻ പരിശീലകനായിരുന്നപ്പോഴാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ, ആദ്യം ഉത്തരവാദിത്തമേൽക്കുക ഞാനായിരുന്നു. പരിശീലകൻ അങ്ങനെ ചെയ്തേപറ്റൂ. എന്നാൽ ഉറപ്പായും ടീം മീറ്റിങ്ങിൽ കളിക്കാരെയും വിമർശിക്കും” -അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗംഭീറിനെതിരെ വിമർശനം ശക്തമാകുന്ന ഘട്ടത്തിൽ, പരീശീലകനെയും മുഖ്യ സെലക്ടർ അജിത് അഗാർക്കറെയും ഏതാനും ഉന്നതോദ്യോഗസ്ഥരെയും ബി.സി.സി.ഐ യോഗത്തിന് വിളിച്ചിട്ടുണ്ട്. 2027 ലോകകപ്പ് വരെ ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.
ഏകദിന മത്സരങ്ങൾക്ക് മുമ്പായി രോഹിതും വിരാടും ടീമിനൊപ്പം ചേർന്നതോടെ ഡ്രസ്സിങ് റൂം അന്തരീക്ഷം ആകെ മാറുന്നതായി ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമായി ഗൗതം ഗംഭീറിന്റെ ബന്ധം ഉലഞ്ഞതായാണ് സൂചനകൾ. ഇവർക്കിടയിലെ മഞ്ഞുരുക്കി, ടീമിൽ ഐക്യം തിരികെയെത്തിക്കാൻ ബി.സി.സി.ഐയും ശ്രമം തുടങ്ങി. ഇരുവരുടെയും ഭാവിയിൽ വ്യക്തത വരുത്തുന്നതിനായി പരമ്പരയിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കിടയിൽ ബോർഡ് യോഗവും വിളിക്കുന്നതായാണ് സൂചന. ചീഫ് സെലക്ടറും, കോച്ചുമായുള്ള കൂടികാഴ്ചയിൽ 2027 ലോകകപ്പിലെ ഭാവിയും, ഏകദിന ടീമിലെ ഇവരുടെ റോളും എന്തെന്നതിൽ വ്യക്തത വരുത്തും. ടെസ്റ്റ് പരമ്പര തോൽവിക്കും, വിരാടിന്റെ ഞായറാഴ്ചത്തെ സെഞ്ച്വറിക്കും പിന്നാലെ സാമൂഹമാധ്യമങ്ങളിലെ ആക്രമണവും ബോർഡിനെ ഞെട്ടിക്കുന്നു.
