
ചണ്ഡിഗഢ്: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയോട് സമനിലയും ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങി പോയന്റുകൾ നഷ്ടമായ കേരളത്തിന് ഇനി നിർണായകം. നിലവിലെ റണ്ണറപ്പായ ടീം രണ്ടാം മത്സരത്തിൽ ശനിയാഴ്ച മുതൽ പഞ്ചാബുമായി ഏറ്റുമുട്ടും.
മഹാരാഷ്ട്രക്കെതിരെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്ത അന്താരാഷ്ട്ര താരം സഞ്ജു സാംസണിന്റെ അഭാവം കേരളത്തിന് തിരിച്ചടിയാണ്. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ടീമിനൊപ്പമാണ് സഞ്ജുവുള്ളത്. തിരുവനന്തപുരത്ത് മഹാരാഷ്ട്രയുമായി നടന്ന കളിയിൽ 20 റൺസ് വ്യത്യാസത്തിൽ ആതിഥേയർക്ക് ഒന്നാം ഇന്നിങ്സ് ലീഡ് നഷ്ടപ്പെട്ടു. ഇതോടെ, മഹാരാഷ്ട്രക്ക് മൂന്നും കേരളത്തിന് ഒരു പോയന്റും ലഭിച്ചു.
മധ്യപ്രദേശുമായായിരുന്നു പഞ്ചാബിന്റെ ആദ്യ കളി. കേരളത്തിന്റെ അതേ അവസ്ഥയായിരുന്നു ഇവർക്കും. ഗ്രൂപ് ബിയിൽ ഓരോ പോയന്റുമായി കേരളം ആറും പഞ്ചാബ് ഏഴും സ്ഥാനങ്ങളിലാണ്.
