ആദ്യദിനം വരിഞ്ഞുമുറുക്കി കേരളം, നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; നാണക്കേടിൽനിന്ന് രക്ഷിച്ചത് ഗെയ്ക്വാദും സക്സേനയും; മഹാരാഷ്ട്ര ഏഴിന് 179



തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയെ ശ്വാസംമുട്ടിച്ച് തകർപ്പൻ തുടക്കവുമായി കേരളം. ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം മഹാരാഷ്‌ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കേരളത്തിന്‍റെ ബൗളിങ് നിര അക്ഷരാർഥത്തിൽ മഹാരാഷ്ട്രയെ വരിഞ്ഞുകെട്ടുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. സ്കോർ ബോർഡിൽ ഒരു റൺ ചേർക്കും മുമ്പേ മഹാരാഷ്ട്രയുടെ മൂന്നു വിക്കറ്റുകളാണ് വീണത്. പേസർ എം.ഡി. നിധീഷിന്റെ ആദ്യ ഓവറിൽ തന്നെ ഓപണര്‍മാരായ പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവർ സംപൂജ്യരായി മടങ്ങി. മത്സരത്തിലെ നാലാം പന്തിൽ പൃഥ്വി ഷാ എൽ.ബി.ഡബ്ല്യുവിലും കുടുങ്ങി. തൊട്ടടുത്ത പന്തിൽ വീറിനെ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്ത് പുറത്താക്കി. എൻ.പി ബേസിൽ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയും ഡക്കായി. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ അതിമനോഹരമായി കൈയിലൊതുക്കി.

ആർഷിൻ മടങ്ങുമ്പോൾ മൂന്ന് വിക്കറ്റിന് പൂജ്യമെന്ന ദയനീയ നിലയിലായിരുന്നു മഹാരാഷ്ട്ര. തന്‍റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ മഹാരാഷ്ട്രക്ക് വീണ്ടും പ്രഹരമേൽപിച്ചു. ഏഴു പന്തുകൾ നേരിട്ട ബാവ്ന റണ്ണൊന്നുമെടുക്കാതെ മടങ്ങി. തുടർന്നെത്തിയ സൗരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വലിയ തകർച്ചയിലായി മഹാരാഷ്ട്ര. അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനാണ് മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്ന് മഹാരാഷ്ട്രയെ കരകയറ്റി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്.

49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും പൂട്ടിട്ടത്. നിധീഷിന്‍റെ പന്തിൽ ജലജ് എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ച്വറിയുടെ കൈയെത്തും ദൂരത്ത് ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽ.ബി.ഡബ്ല്യൂവിൽ പുറത്താക്കിയത്.

151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്‍റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. പത്ത് റൺസോടെ വിക്കി ഓസ്വാളും 11 റൺസോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. സൂപ്പർ താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കു വേണ്ടി പൃഥ്വി ഷായുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.



© Madhyamam