
ഗോവ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 237 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലിന്റെ പ്രകടനമാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. നേരത്തെ ഗോവയുടെ ഒന്നാം ഇന്നിങ്സ് 355 റൺസിന് അവസാനിച്ചിരുന്നു.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഗോവയ്ക്ക് വിക്കറ്റ് കീപ്പർ സമർ ദുഭാഷിയുടെ ഇന്നിങ്സാണ് തുണയായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സമർ നടത്തിയ പോരാട്ടമാണ് ഗോവയുടെ സ്കോർ 350 കടത്തിയത്. സമർ 55 റൺസുമായി പുറത്താകാതെ നിന്നു. അമൂല്യ പാണ്ഡ്രേക്കർ പത്തും കൗശിക് വി. 21-ഉം റൺസ് നേടി. കേരളത്തിന് വേണ്ടി അങ്കിത് ശർമ ആറും ബേസിൽ എൻ.പി. രണ്ടും നിധീഷ് എം.ഡി., സച്ചിൻ ബേബി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന് ഓപണർമാരായ രോഹൻ കുന്നുമ്മലും അഭിഷേക് ജെ. നായരും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 97 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത അഭിഷേകിനെ പുറത്താക്കി അമൂല്യ പാണ്ഡ്രേക്കറാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ സച്ചിൻ ബേബിയും രോഹന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. 37 റൺസെടുത്ത സച്ചിൻ ബേബി ലളിത് യാദവിന്റെ പന്തിൽ പുറത്തായി.
എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന രോഹൻ കുന്നുമ്മൽ സെഞ്ച്വറിയോടെ കേരളത്തിന്റെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. കളി നിർത്തുമ്പോൾ 132 റൺസോടെ രോഹൻ കുന്നുമ്മലും 25 റൺസോടെ സൽമാൻ നിസാറുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 54 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 154 പന്തുകളിൽ 13 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.
