
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കർണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെ.സി.എ സ്റ്റേഡിയത്തിലാണ് മത്സരം.ഈ സീസണിൽ കേരളത്തിന്റെ മൂന്നാം മത്സരമാണ് ഇത്. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയ്ക്കും രണ്ടാം മത്സരത്തിൽ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. അതിനാൽ കർണാടകക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ഇറങ്ങുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് നിലവിൽ രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.
കർണാടകക്കെതിരായ മത്സരത്തിന് മുന്നോടിയായി ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത വത്സൽ ഗോവിന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിലായതിനാൽ സഞ്ജു സാംസണും നിലവിൽ ടീമിനൊപ്പമില്ല.
