കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ; നിധീഷിന് നാലു വിക്കറ്റ്, വരുണിന് അർധ സെഞ്ച്വറി



തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളം-സൗരാഷ്ട്ര മത്സരം സമനിലയിൽ. ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്നു പോയന്‍റ് ലഭിച്ചു. സീസണിൽ ആദ്യമായാണ് എതിരാളികൾക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി കേരളം സമനില പിടിക്കുന്നത്. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്സിലെ തിരിച്ചുവരവാണ് ആതിഥേയരുടെ വിജയ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.

അവസാന ദിനം 402 റണ്‍സെടുത്ത് സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. രണ്ടു സെഷനുകൾ മാത്രം ബാക്കി നിൽക്കെ 330 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് സന്ദർശകർ കേരളത്തിന് വെച്ചുനീട്ടിയത്. 152 റണ്‍സെടുത്ത ചിരാഗ് ജാനിയുടെ ബാറ്റിങ്ങാണ് സൗരാഷ്ട്രയെ വമ്പൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര -160, എട്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസ് ഡിക്ലയർ. കേരളം -233, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154.

നാലാം ദിനം അഞ്ചു വിക്കറ്റിന് 351 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്രക്ക് പ്രേരക് മങ്കാദ് (70 പന്തിൽ 62), ധർമേന്ദ്രസിംഹ് ജദേജ (നാലു പന്തിൽ അഞ്ച്), അൻഷ് ഗോസായി (13 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടീം സ്കോർ 400 കടന്നതിനു പിന്നാലെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടു സെഷനുകൾ മാത്രം ബാക്കി നിൽക്കെ കേരളത്തിന് മുന്നിൽ അസാധ്യമായ വിജയലക്ഷ്യം. സ്കോർ എട്ടു റൺസിൽ നിൽക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിനെ (15 പന്തിൽ അഞ്ച്) ജദേജ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. അഞ്ചു റൺസെടുത്ത് നിൽക്കെ ഓപ്പണര്‍ എ.കെ. ആകര്‍ഷ് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. 46 പന്തിൽ 16 റൺസെടുത്ത സചിൻ ബേബിയെ യുവരാജ്സിങ് ദോദിയ പുറത്താക്കി. ശ്രദ്ധയോടെ ബാറ്റുവീശിയ വരുൺ നായനാരും അഭിഷേക് ജെ. നായരും ടീം സ്കോർ 50 കടത്തി. ടീം 96 റൺസെടുത്ത് നിൽക്കെ അഭിഷേകിനെ ജദേജ ബ്ലൗൾഡാക്കി.

പിന്നാലെ എത്തിയ അഹ്മദ് ഇംറാൻ ഏകദിന ശൈലിയിൽ ബാറ്റുവീശിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഒടുവിൽ ടീം സമനിലക്ക് കൈകൊടുത്തു. 160 പന്തിൽ 66 റൺസെടുത്ത് വരുണും 46 പന്തിൽ 42 റൺസെടുത്ത് ഇംറാനും പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്ര ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ഹൈലൈറ്റ്. കളി തുടങ്ങി രണ്ടാം ഓവറിൽതന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജർ സമ്മറിന്റെയും വിക്കറ്റ് നഷ്ടമായെങ്കിലും പിറകെയെത്തിയവർ പിടിച്ചുനിന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ.പി ക്ലീൻ ബൗൾഡാക്കി.

എന്നാൽ, അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രക്ക് കരുത്തായി. അർപ്പിത് അർധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്ന് പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൗൾഡാക്കി. കേരളത്തിന് വേണ്ടി നിധീഷ് നാലു വിക്കറ്റും ബേസിൽ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.



© Madhyamam