
ഫൈസലാബാദ്: പാകിസ്താനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ക്വിന്‍റൺ ഡി കോക്കിന്‍റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. പാകിസ്താൻ മുന്നോട്ടുവെച്ച 270 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ശേഷിക്കെയാണ് പ്രോട്ടീസ് മറികടന്നത്.
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പമെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 40.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പ്രോട്ടീസ് 270 റൺസെടുത്തു. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഡി കോക്ക് 119 പന്തില്‍ പുറത്താവാതെ 123 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. രണ്ടു വർഷത്തെ ഇടവേളക്കുശേഷം വിരമിക്കല്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ താരം രണ്ടാം മത്സരത്തിലാണ് തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയത്.
ഏകദിനത്തില്‍ താരത്തിന്‍റെ 22ാം സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കായി കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി ഡി കോക്ക്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. സെഞ്ച്വറിയോടെ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ സെഞ്ച്വറികൾ നേടുന്ന (ഒമ്പത് സെഞ്ച്വറികൾ) വിസിറ്റിങ് ഓപ്പണർ എന്ന റെക്കോഡ് ഡി കോക്ക് സ്വന്തമാക്കി. വെസ്റ്റിൻഡീസിന്‍റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്‍റെ (എട്ട് സെഞ്ച്വറികൾ) റെക്കോഡാണ് താരം മറികടന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഏഷ്യക്കാരനല്ലാത്ത വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഡി കോക്കിന്‍റെ പേരിലായി.
2023 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് ഡി കോക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമക്കിൽ പ്രഖ്യാപിച്ചത്. പാകിസ്താൻ പരമ്പരയിലൂടെ താരം വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിവരുകയായിരുന്നു. നേരത്തെ, സായിം അയൂബ് (66 പന്തിൽ 53), സൽമാൻ ആഗ (106 പന്തിൽ 69), മുഹമ്മദ് നവാസ് (59 പന്തിൽ 59) എന്നിവരുടെ അർധ സെഞ്ച്വറികളാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പ്രോട്ടീസിനായി നാന്ദ്രെ ബർഗർ 10 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ന്കാബയോംസി പീറ്റർ മൂന്നും കോർബിൻ ബോഷ് രണ്ടും വിക്കറ്റും നേടി. പരമ്പരയിലെ നിർണായക മത്സരം ശനിയാഴ്ച നടക്കും.
