ബൗളറുമായി കൊമ്പുകോർത്തു; ജയ്സ്വാളിനെതിരെ നടപടി വരും



കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ കളത്തിൽ താരങ്ങളുടെ കൈയാങ്കളി. ഇന്ത്യൻ ഓപണർ യശസ്വി ജയ്‌സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും തമ്മിലാണ് മൈതാനത്ത് കൊമ്പുകോർത്തത്. മത്സരത്തിന്റെ 17ാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ഫെർണാണ്ടോ എറിഞ്ഞ ഓവറിലെ ആദ്യ പന്തുകളിൽ സ്ട്രൈറ്റ് ഡ്രൈവിലൂടെയും അപ്പർ കട്ടിലൂടെയും പുൾ ഷോട്ടിലൂടെയും തുടർച്ചയായി മൂന്ന് ഫോറുകൾ പായിച്ച് യശസ്വി മികച്ച ഫോമിലായിരുന്നു. എന്നാൽ, അവസാന പന്തിൽ താരത്തിന് പിഴച്ചു. അസിതയുടെ പന്ത് ഇൻസൈഡ് എഡ്ജായി യശസ്വിയുടെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. നിർണായക വിക്കറ്റ് വീഴ്ത്തിയതിന്റെ ആവേശത്തിൽ അസിതയും ലങ്കൻ താരങ്ങളും വിക്കറ്റ് നേട്ടം അതിരുവിട്ട് ആഘോഷിച്ചു.

ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന യശസ്വി ഇതിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്ന് എന്തോ കമന്റ് കേട്ട് പ്രകോപിതനായി തിരികെ വരുകയായിരുന്നു. തുടർന്ന് ഫെർണാണ്ടോയുടെ അടുത്തേക്ക് പാഞ്ഞടുത്ത യശസ്വി രൂക്ഷമായ വാക്തർക്കത്തിലേർപ്പെടുകയും ഇരുവരും പരസ്പരം തലകൾ കൂട്ടിമുട്ടിക്കുകയും ചെയ്തു. സംഭവത്തിൽ ജയ്സ്വാളിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അച്ചടക്ക സമിതിയുടെ നടപടിക്ക് സാധ്യതയുണ്ട്.



© Madhyamam