
തിരുവനന്തപുരം: ഐ.പി.എൽ ആരംഭിച്ച സാഹചര്യത്തിൽ സൗജന്യ ലൈവ് സ്ട്രീമിങ് വാഗ്ദാനം ചെയ്തും സൈബർ തട്ടിപ്പ് തുടങ്ങിയതായി പൊലീസ്. ‘XMTV Live’ ഉൾപ്പെടെ വ്യാജ ആപ്പുകളെ തിരിച്ചറിയണമെന്നാണ് പൊലീസ് പറയുന്നത്. സൗജന്യമായി ഐ.പി.എൽ കാണാമെന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം.
സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ഫ്രീ സ്ട്രീമിങ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫിഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കണം. അപരിചിത ആപ്പുകൾക്ക് ഫോണിലെ എസ്.എം.എസ്, ബാങ്കിങ് വിവരങ്ങൾ, സ്ക്രീൻ ഷെയറിങ് എന്നിവക്ക് അനുമതി നൽകരുത്. ബാങ്ക് വിവരങ്ങളും ഒ.ടി.പിയും കൈമാറരുത്. അപരിചിത പ്ലാറ്റ്ഫോമിൽ യു.പി.ഐ പിൻ വിവരങ്ങൾ നൽകരുത്. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
