ടി20 ലോകകപ്പ് ബഹിഷ്‍കരണ നാടകം: സസ്​പെൻസ് വിടാതെ പാകിസ്താൻ; ലോകകപ്പ് കിറ്റ് ലോഞ്ച് റദ്ദാക്കി



ലാഹോർ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താൻ ടീമിന്റെ ബഹിഷ്‍കരണ നാടകത്തിൽ ഊഹാപോഹങ്ങൾ ഏ​റുന്നു. പാക് പട ലോകകപ്പ് ബഹിഷ്‍കരിക്കുമോയെന്നതിൽ ഇതുവരെയും സ്ഥിരികരണമൊന്നുമില്ല. എന്നാൽ, ലോകകപ്പിനുള്ള ടീം ജഴ്സി ഉൾപ്പെടെ കിറ്റ് പുറത്തിറക്കൽ റദ്ദാക്കിയതായി പാക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ് ​‘​ബഹിഷ്‍കരണ നാടകം’ വീണ്ടും സജീവമാക്കാൻ കാരണമാവുന്നത്.

ശനിയാഴ്ച ലാഹോറിൽ ആസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരത്തോടനുബന്ധിച്ച് ലോകകപ്പ് ജഴ്സി പുറത്തിറക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, മുന്നറിയിപ്പുകളൊന്നുമില്ലാതെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഇത് റദ്ദാക്കുകയായിരുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാൽ ചടങ്ങ് റദ്ദാക്കുന്നുവെന്നായിരുന്നു അറിയിപ്പ്.

ലാഹോറിൽ നടന്ന പാകിസ്താൻ-ആസ്ട്രേലിയ മത്സരത്തിന്റെ ടോസിടൽ ചടങ്ങിനു തൊട്ടുപിന്നാലെ ലോകകപ്പ് കിറ്റ് പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഔദ്യോഗിക അംഗീകാരം ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ കി​റ്റ് ലോഞ്ചിങ് മാറ്റിവെക്കുകയായിരുന്നുവെന്നാണ് വിവരം.

മത്സരത്തിൽ പാകിസ്താൻ ആസ്ട്രേലിയതെ 90 റൺസിന് തോൽപിച്ചിരുന്നു.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന് പാക് ടീമിനെ അയക്കുന്നതിൽ ഇതുവരെയും വ്യക്തയില്ല. ഇന്ത്യയുമായുള്ള തർക്കങ്ങളുടെ പേരിൽ ടൂർണമെന്റ് ബഹിഷ്‍കരിച്ച ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താനും വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിലെ

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് കൊളംബോയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളിയതോടെയാണ് അയൽക്കാർ ബഹിഷ്‍കരണം പ്രഖ്യാപിച്ചത്. ഐ.സി.സി തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് പിന്മാറിയതോടെ, അവർക്ക് പിന്തുണയുമായി ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്.

അതിനിടെ, പാകിസ്താൻ ടീം ശ്രീലങ്കയിലേക്ക് പറക്കാനായി ഫെബ്രുവരി രണ്ടിന് ടിക്കറ്റുകൾ ബുക്ക് ചെയ്തതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.



© Madhyamam