
മുംബൈ: ക്രിക്കറ്റ് ആരാധക ലോകം കൊട്ടിഘോഷിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലോകചാമ്പ്യൻ ടീം അംഗം സ്മൃതി മന്ദാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വിവാദം.
സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹ ഒരുക്കങ്ങൾ തകൃതിയാവുന്നതിനിടെ, വിവാഹ വേദിയിൽ സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യമുണ്ടയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിവാഹ ദിനമായ നവംബർ 23ന് രാവിലെ മുംബൈയിലെ വിവാഹ വേദിയിൽ വെച്ച് ഹൃദയാഘാതുമുണ്ടായതിനെ തുടർന്ന് പിതാവ് ശ്രീനിവാസ് മന്ദനയെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവെക്കുന്ന വാർത്തയും പുറത്തു വന്നു.
പിന്നാലെ, പ്രതിശ്രുത വരൻ പലാഷ് മുച്ചാലയെയെയും ശാരീരിക അസ്വാസ്ഥ്യതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്ന് പലാഷും ഇപ്പോൾ ചികിത്സയിലാണ്.
വിവാഹം മാറ്റിവെച്ചതിനു പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും സ്മൃതി മന്ദാന മുഴുവൻ വിവാഹ നിശ്ചയ വീഡിയോകളും പലാഷിനൊപ്പമുള്ള വിവാഹ ഒരുക്ക ചിത്രങ്ങളും നീക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിനു നടുവിൽ പാലഷ നടത്തിയ പ്രൊപ്പോസൽ വീഡിയോയും ഒഴിവാക്കി.
ജീവിത്തിലെ ദുർഘട നിമിഷത്തിലൂടെ കടന്നുപോയ ഇന്ത്യയുടെ അഭിമാന താരത്തിന് പിന്തുണയുമായി ആരാധകരും ക്രിക്കറ്റ് താരങ്ങളും നിലയുറപ്പിക്കുന്നതിനിടെയാണ് വിവാഹവുമായി ബന്ധപ്പെട്ട് പുതു വിവാദം സാമൂഹിക മാധ്യമങ്ങളിലും പ്രമുഖ ദേശീയ മാധ്യമങ്ങളുടെ പോർട്ടലുകളിലും ഇടം പിടിക്കുന്നത്.
കൊറിയോഗ്രഫർ കൂടിയായ മറ്റൊാരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും വൈറലായി. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പാലഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. സ്മൃതിയുമായുള്ള ബന്ധത്തെ പലാഷ് തള്ളിപ്പറയുന്നതും, ക്രിക്കറ്റ് താരവുമായി അടുത്ത ബന്ധമില്ലെന്നും മൂന്ന്-അഞ്ച് മാസത്തിൽ ഒരിക്കൽമാത്രമാണ് കാണുന്നതെന്നും സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ചോദ്യത്തിന് പലാഷ് മറുപടി നൽകുന്നു. അതേസമയം, ഈ ചാറ്റുകളുടെ ആധികാരികത വ്യക്തമല്ല.
ചാറ്റ് സ്ക്രീൻ ഷോട്ടുകൾ എക്സിലെയും ഇൻസ്റ്റ് ഗ്രാമിലെയും വിവിധ പ്ലാറ്റ്ഫോമുകളിലും വൈറലായി. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വിവാഹ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. എന്നാല്‍, പലാഷ് മുച്ചാലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം വിവാഹത്തിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
പലാഷും യുവതിയും തമ്മിലെ ബന്ധം അറിഞ്ഞതാണ് വിവാഹം മുടങ്ങുന്നതിലേക്കും തർക്കത്തിലേക്കും വഴിവെച്ചതെന്നും, പിതാവിന് ഹൃദയാഘാതത്തിന് കാരണമായതെന്നും വാർത്തകളുണ്ട്.
എന്തു തന്നെയായാലും, ഇന്ത്യൻ കായിക-സിനിമാ ലോകം ആഘോഷത്തോടെ കാത്തിരുന്ന താര വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഊഹാപോഹങ്ങൾ പരക്കുകയാണ്.
2019 മുതൽ സ്മൃതിയും പലാശും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2024ലാണ് ബന്ധം പരസ്യപ്പെടുത്തുന്നത്. കഴിഞ്ഞ മാസം വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതോടെ സ്മൃതിയുടെ താരപദവി ഉയരുകയും ചെയ്തു.
