നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്



കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം മഴയെടുത്തതോടെയാണ് പാകിസ്താൻ ഒരു ജയം​ പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ വിധിക്കപ്പെട്ടത്.

ഇതോടെ ഏഴ് കളിയിൽ നാല് തോൽവിയും മൂന്ന് മത്സരങ്ങൾ മഴയിൽ ഉപേക്ഷിക്കുകയും ചെയ്ത പാകിസ്താന് മൂന്ന് പോയന്റ് മാത്രമാണുള്ളത്. സെമി ഫൈനൽ നേരത്തെ നഷ്ടമായതോടെ ഒരു ​ജയം പോലുമില്ലെന്ന നാണക്കേടും ബാക്കിയായി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാകിസ്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 18 റൺസിലെത്തിയതിനു പിന്നാലെ മഴയെത്തി. ഇടതടവില്ലാതെ മഴ കനത്തതോടെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

പ്രേമദാസ സ്റ്റേഡിയത്തിൽ ഷെഡ്യുൾ ചെയ്ത 11ൽ അഞ്ച് കളിയും മഴ മുടക്കിയത് വേദി തെരഞ്ഞെടുപ്പിലും വിമർശനമുയർന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയും സെമി ഫൈനൽ പ്രവേശന സാധ്യതയും അടഞ്ഞു. പാകിസ്താന്റെ മൂന്ന് മത്സരങ്ങളും മഴയെടുത്തു.

ആദ്യ കളിയിൽ ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിനും, ഇന്ത്യക്കെതിരെ 88 റൺസിനും, ആസ്ട്രേലിയക്കെതിരെ 107 റൺസിനും, ദക്ഷിണാഫ്രികക്കെതിരെ 150 റൺസിനും തോൽവി വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരായ മത്സരങ്ങളും മഴ മുടക്കി.

ലോകകപ്പിലെ വിലപ്പെട്ട മൂന്ന് മത്സരങ്ങൾ മഴയെടുത്തതിനു പിന്നാലെ ഐ.സി.സിക്കെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന രംഗ​ത്തെത്തി. നാലുവർഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ലോകകപ്പ് കളിക്കാൻ ടീമുകൾ ഇറങ്ങുമ്പോൾ നിലവാര മുള്ള വേദികൾ തെരഞ്ഞെടുക്കാൻ ഐ.സി.സിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഫാത്തിമ സന പറഞ്ഞു.



© Madhyamam