ഇനി ഇന്ത്യക്ക് ഡി.എസ്.പി വിക്കറ്റ് കീപ്പർ! റിച്ച ഘോഷിന് ബംഗ ഭൂഷൺ അവാർഡ്, ഫൈനലിലെ ഓരോ റണ്ണിനും ഒരുലക്ഷംവീതം



കൊൽക്കത്ത:​ ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഒരു പ്രൗഢഗംഭീര ചടങ്ങിൽ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിനെ ആദരിച്ചു. ബംഗ ഭൂഷൺ അവാർഡൂം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി നിയമനവു, പശ്ചിമ ബംഗാൾ സർക്കാർ ഒരു സ്വർണ മാലയും സമ്മാനിച്ചു. ഒരു മണിക്കൂർ നീണ്ട ചടങ്ങ് സംഘടിപ്പിച്ച ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ, ലോകകപ്പ് ഫൈനലിൽ അവർ നേടിയ ഓരോ റണ്ണിനും ഒരുലക്ഷം രൂപവെച്ചായിരുന്നു സമ്മാനത്തുകയായി 34 ലക്ഷം രൂപനൽകിയത്.

ബംഗാളിന്റെ ആദ്യത്തെ ലോകകപ്പ് ജേതാവായ ക്രിക്കറ്റ് കളിക്കാരിയായി റിച്ച മാറി. ലോകകപ്പ് ഫൈനൽ കളിച്ച കളിക്കാരനായിരുന്ന സൗരവ് ഗാംഗുലിയായിരുന്നു മറ്റൊരു ലോകകപ്പ് താരം 2003 ലെ ഫൈനലിൽ ആസ്ട്രേലിയയോട് തോൽക്കുകയായിരുന്നു.

ഇന്ത്യയുടെ കിരീട വിജയത്തിൽ റിച്ച നിർണായക പങ്ക് വഹിച്ചു. ഏഴാമതായി ബാറ്റ് ചെയ്ത റിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ 24 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടെ 34 റൺസ് നേടി. ഇന്ത്യയുടെ 298 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ നേടാൻ സഹായിച്ചു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്താവുകയായിരുന്നു.സിലിഗുരിയിൽ നിന്നുള്ള 22 കാരി ബംഗാളിന്റെ അഭിമാനമാണെന്നും, അവർ തന്റെ മികച്ച പ്രകടനം തുടരുമെന്നും ഒരു ദിവസം ഇന്ത്യൻ വനിത ടീമിന്റെ ക്യാപ്റ്റനാകുമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

ടൂർണമെന്റിലുടനീളം, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 39.16 ശരാശരിയിലും 133.52 സ്ട്രൈക്ക് റേറ്റിലും 235 റൺസ് അവർ നേടി. കൂടാതെ ഒരു വനിത ലോകകപ്പിൽ 12 സിക്‌സറുകൾ എന്ന ഡിയാൻഡ്ര ഡോട്ടിന്റെ റെക്കോഡിനൊപ്പമെത്തി. സമ്മർദ സമയങ്ങളിയെ ബാറ്റിങ് തനിക്ക് ഇഷ്ടമാണെന്നും നെറ്റ്സിലെ പരിശീലനത്തിൽ ബോളിന്റെ വേഗം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും എത്ര റൺസ് നേടാൻ കഴിയുമെന്നും ഫിനിഷർ എന്ന നിലയിൽ ബാറ്റിങ് ആസ്വദിക്കുകയാണെന്നും റിച്ച മറുപടി ഭാഷണത്തിൽ പറഞ്ഞു.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഒരു സ്വർണ ബാറ്റും പന്തും സമ്മാനിച്ചു, അതേസമയം മുഖ്യമന്ത്രി മമത ബാനർജി ആരാധകരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ബംഗ ഭൂഷൺ മെഡൽ, ഡി എസ് പി നിയമനക്കത്ത്, സ്വർണമാലഎന്നിവ കൈമാറി.

ബംഗ ഭൂഷൺ, ബംഗ ബിഭൂഷൺ അവാർഡുകൾ പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളാണ്, കല, സംസ്കാരം, സാഹിത്യം, പൊതുഭരണം, പൊതുസേവനം എന്നിവയുൾപ്പെടെ വിവിധ മാനുഷിക മേഖലകളിൽ മികവ് പുലർത്തിയ വിശിഷ്ട വ്യക്തികൾക്ക് ഇത് നൽകുന്നു.

ബംഗാൾ വനിത ക്രിക്കറ്റ് ഇതിഹാസം ജൂലൻ ഗോസ്വാമി, സംസ്ഥാന കായിക മന്ത്രി അരൂപ് ബിശ്വാസ്, വടക്കൻ ബംഗാൾ സ്വദേശിയായ നടിയും എം.പിയുമായ മിമി ചക്രവർത്തി, റിച്ചയുടെ മാതാപിതാക്കളായ മനബേന്ദ്ര, സ്വപ്ന ഘോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



© Madhyamam