
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരവും തോറ്റതോടെ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഇനിയുള്ള അഞ്ചു മത്സരങ്ങൾ ജയിച്ചുകയറിയാലും പ്ലേ ഓഫിലെത്താൻ അത്ഭുതങ്ങൾ സംഭവിക്കണം.
ഐ.പി.എല്ലിലെ എൽ ക്ലാസികോ പോരിൽ മുംബൈ എട്ടു വിക്കറ്റിനാണ് തോറ്റത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ എത്തിപ്പിടിച്ചു. മത്സരം തോറ്റെങ്കിലും മുംബൈ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചു. ട്വന്‍റി20 ക്രിക്കറ്റിൽ 50,000 റൺസ് നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് മുംബൈ ഇന്നലെ സ്വന്തമാക്കിയത്. ചെന്നൈക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് ഈ നേട്ടത്തിലേക്കായി 114 റൺസിന്‍റെ ദൂരം മാത്രമാണ് മുംബൈക്കുണ്ടായിരുന്നത്. 15ാം ഓവറിലാണ് ടീം ചരിത്ര നേട്ടത്തിലെത്തിയത്. 308ാമത്തെ ട്വന്‍റ20 മത്സരമായിരുന്ന മുംബൈയുടേത്.
ഐ.പി.എല്ലിൽ 286 മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് ട്വന്‍റി20യിൽ 22 മത്സരങ്ങളുമാണ് മുംബൈ ഇതുവരെ കളിച്ചത്. ഇംഗ്ലണ്ടിലെ സോംറസ്റ്റാണ് ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ടീം. 303 മത്സരങ്ങളിൽനിന്ന് 48,244 റൺസ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (295 മത്സരങ്ങളിൽനിന്ന് 47,304), ചെന്നൈ സൂപ്പർ കിങ്സ് (286 മത്സരങ്ങളിൽനിന്ന് 46,438 റൺസ്) എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
രോഹിത് ശർമയാണ് മുംബൈയുടെ റൺവേട്ടക്കാരിൽ ഒന്നാമൻ. 240 മത്സരങ്ങളിൽനിന്ന് 6,286 റൺസാണ് ഈ 39കാരൻ ഇതുവരെ നേടിയത്. സൂര്യകുമാർ യാദവ് (123 മത്സരങ്ങളിൽനിന്ന് 3933 റൺസ്), കീരൺ പൊള്ളാർഡ് (211 മത്സരങ്ങളിൽനിന്ന് 3915) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മത്സരത്തിലേക്ക് വന്നാൽ, ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദ് (67) കാർത്തിക് ശർമ (54) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയെ ജയിപ്പിച്ചത്. സഞ്ജു സാംസൺ 11 റൺസിന് മടങ്ങി. 20 ഓവറിൽ ഏഴ് വിക്കറ്റിനാണ് മുംബൈ 159 റൺസെടുത്തത് ചെപ്പോക്കിൽ ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തുടക്കത്തിലേ പാളിയപ്പോൾ നമൻ ധിറിന്റെ (37 പന്തിൽ 57) അർധ ശതകം മുംബൈക്ക് ആശ്വാസമായി.
രണ്ടാം ഓവറിൽ സ്കോർ ബോർഡിൽ ഒരു റൺ മാത്രം നിൽക്കെ മുംബൈക്ക് തിരിച്ചടി നൽകി ഓപണർ വിൽ ജാക്സ് (1) പുറത്ത്. തന്റെ പ്രഥമ ഓവറിലെ ആദ്യ പന്തിൽത്തന്നെ കംബോജാണ് ജാക്സിനെ രാമകൃഷ്ണ ഘോഷിന്റെ കൈകളിലെത്തിച്ചത്. രണ്ടാം വിക്കറ്റിൽ ഓപണർ റയാൻ റിക്കിൾടണിനൊപ്പം ധിർ പിടിച്ചുനിന്നതോടെ മുംബൈ കരകയറിത്തുടങ്ങി. ഏഴാം ഓവറിൽ നൂർ അഹ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ 37 റൺസെടുത്ത റിക്കിൾടണിനെ ഉർവിൽ പട്ടേൽ പിടിച്ചു. സ്കോർ രണ്ടിന് 59. സൂര്യകുമാർ യാദവ് 12 പന്തിൽ 21 റൺസ് ചേർത്ത് 11ാം ഓവറിൽ ഘോഷിന് വിക്കറ്റ് സമ്മാനിച്ചു. 99ലാണ് മൂന്നാമൻ മടങ്ങിയത്. തിലക് വർമയെ (5) നൂർ പറഞ്ഞുവിട്ടത് മുംബൈക്ക് മറ്റൊരു ആഘാതം സമ്മാനിച്ചു. ഒരറ്റത്ത് പൊരുതിയ ധിർ 17ാം ഓവറിൽ പുറത്തായി.
