
ചെന്നൈ: ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഐ.പി.എൽ ടീമുകളുടെ റിടെൻഷൻ ലിസ്റ്റ് പുറത്തുവന്നത്. പുതിയ സീസൺ വരാനിരിക്കെ ആരാധകരുടെ ചർച്ച ചെന്നൈ സൂപ്പർ കിങ്സിനെ ചുറ്റിപ്പറ്റിയാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും എം.എസ്. ധോണിയുമുൾപ്പെടെ പ്രമുഖ താരങ്ങളെ നിലനിർത്തിയ ചെന്നൈ, രവീന്ദ്ര ജദേജയെ കൈമാറി രാജസ്ഥാൻ റോയൽസിലെ മലയാളി താരം സഞ്ജു സാംസണെ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയും ചെയ്തു. ആദ്യ സീസൺ മുതൽ ടീമിന്‍റെ അവിഭാജ്യ ഘടകമാണ് എം.എസ്. ധോണി. ഋതുരാജ് ക്യാപ്റ്റൻസി നിലനിർത്തുകയും വിക്കറ്റ് കീപ്പിങ് ബാറ്ററായ സഞ്ജു ടീമിലെത്തുകയും ചെയ്യുമ്പോൾ എന്താകും ധോണിയുടെ റോളെന്ന ചർച്ച സജീവമാണ്. പേപ്പറിൽ ഋതുരാജ് ക്യാപ്റ്റനാണെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ധോണിയാണെന്ന അഭിപ്രായക്കാരനാണ് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്.
“ധോണി എന്തായാലും ബാറ്റ് ചെയ്യില്ല. അദ്ദേഹം 20 ഓവർ കളിക്കുകയും അതിൽ പൂർണമായും ക്യാപ്റ്റനാകുകയും ചെയ്യും. ഋതുരാജിന് നിർദേശങ്ങൾ നൽകാനാണ് അദ്ദേഹം മൈതാനത്തിറങ്ങുന്നത്. അതിനുവേണ്ടി മാത്രമാണ് അദ്ദഹം കളിക്കുന്നത്. ഒരേസമയം ക്യാപ്റ്റനും മെന്‍ററുമാണ്. കടലാസിൽ ഋതുരാജ് ആയിരിക്കാം ക്യാപ്റ്റൻ, പക്ഷേ മൈതാനനത്ത് ധോണിയാണ്. എല്ലാം അദ്ദേഹത്തിന്‍റെ കൈകളിലാണ്. അതിനാൽ ഇംപാക്ട് പ്ലെയറായി ധോണി കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. ചിലപ്പോൾ സ്വയം മാറിനിൽക്കാൻ അദ്ദേഹം തയാറായേക്കാം” -സ്വന്തം യൂട്യൂബ് ചാനലിൽ കൈഫ് പറഞ്ഞു.
ജദേജയേയും സാം കറനെയും കൈമാറി സഞ്ജുവിനെ ടീമിൽ എത്തിച്ചിട്ടും ഋതുരാജിന് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അവസരം നൽകിയ പശ്ചാത്തലത്തിലാണ് കൈഫിന്‍റെ നിരീക്ഷണം. ഋതുരാജിനെ ക്യാപ്റ്റനാക്കി നിലനിർത്തി ധോണിയുടെ മേൽനോട്ടത്തിൽ ടൂർണമെന്‍റിൽ മുന്നേറാനാണ് ചെന്നൈ ഫ്രാഞ്ചൈസിയുടെ പദ്ധതി. 44കാരനായ ധോണി, കഴിഞ്ഞ സീസണിൽ ബാറ്റിങ് ഓഡറിൽ ഏറെ വൈകിയാണ് ക്രീസിലെത്തിയത് പലപ്പോഴും ഒമ്പതാം നമ്പരിൽ വരെ ഇറങ്ങിയ താരം ഇത്തവണയും കൂടുതലായി വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റൻസിയിലുമാകും ശ്രദ്ധ കേന്ദ്രീകരിക്കുക. വരുന്ന സീസണോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇതോടെ സഞ്ജുവിന്‍റെ റോൾ സ്പെഷലിസ്റ്റ് ബാറ്ററെന്ന നിലയിലേക്ക് മാറുമോ എന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്.
2025 സീസണിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ഏതാനും മത്സരങ്ങളിൽ മാത്രമാണ് ഋതുരാജ് ടീമിനായി കളത്തിലിറങ്ങിയത്. കൈമുട്ടിന് പരിക്കേറ്റ താരം, ടൂർണമെന്‍റിൽനിന്ന് പിൻവാങ്ങുകയും ധോണിക്ക് വീണ്ടും ക്യാപ്റ്റൻസി ഉത്തരവാദിത്തം വന്നുചേരുകയും ചെയ്തു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഇത്തവണ തിരിച്ചുവരവ് അനിവാര്യമാണ്. ബാറ്റിങ് നിരയിലെ വിടവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്.
