സിഡ്നി: ഓസീസ് പേസർ മിച്ചൽ സ്റ്റാർക് അന്താഷ്ട്ര ട്വന്‍റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റിലും ഏകദിനത്തിലും തുടരും. അടുത്ത വർഷം ആസ്ട്രേലിയക്ക് നിരവധി ടെസ്റ്റ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. കൂടാതെ 2027ലെ ഏകദിന ലോകകപ്പിനും കൂടുതൽ തയാറെടുപ്പ് നടത്താനായാണ് കുട്ടിക്രിക്കറ്റ് മതിയാക്കുന്നതെന്ന് താരം വ്യക്തമാക്കി.
“ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ എല്ലായ്പ്പോഴും കൂടുതൽ പരിഗണന നൽകിയിട്ടുള്ളത്. എന്നാൽ ആസ്ട്രേയിലക്കായി കളിച്ച ട്വന്‍റി20 മത്സരങ്ങളിൽ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് 2021 ലോകകപ്പ് വേളയിൽ. അന്ന് നമ്മൾ ജയിച്ചതുകൊണ്ട് മാത്രമല്ല, വളരെ അടുപ്പം കാത്തുസൂക്ഷിച്ച ഒരു സംഘമാളുകളായിരുന്നു അന്ന് കൂടെയുണ്ടായിരുന്നത്. ഇന്ത്യൻ പര്യടനം, ആഷസ്, ഏകദിന ലോകകപ്പ് എന്നിവയെല്ലാം വരാനിരിക്കുകയാണ്. അവയിൽ പങ്കെടുക്കാനായി തയാറെടുപ്പ് നടത്തണം” -സ്റ്റാർക് പറഞ്ഞു. താരത്തിന്‍റെ തീരുമാനത്തിന് പിന്തുണ നൽകുമെന്ന് ക്രിക്കറ്റ് ആസ്ട്രേലി അറിയിച്ചു
2026 പകുതിയോടെ നിരവധി ടെസ്റ്റ് പരമ്പകളാണ് ഓസീസ് ടീമിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെയും ന്യൂസിലൻഡിനെയും നാട്ടിൽ നേരിടും. ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനവുമുണ്ട്. 2027 ജനുവരിയിൽ ഇന്ത്യൻ പര്യടനം, ഇംഗ്ലണ്ടിനെതിരെ മെൽബണിൽ 150-ാം വാർഷിക മത്സരം എന്നിവക്ക് ശേഷം 2027 മധ്യത്തോടെ ആഷസ് ടെസ്റ്റ് പരമ്പരയും നടക്കും. 2027 ഒക്ടോബർ -നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ കിരീടം നിലനിർത്താനായാകും ആഫ്രിക്കയിലേക്ക് പറക്കുക.
35കാരനായ സ്റ്റാർക്, ആസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 2021ൽ യു.എ.ഇയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷത്തെ ട്വന്‍റി20 ലോകകപ്പിലാണ് ഒടുവിൽ ആസ്ട്രേലിയക്കായി ഈ ഫോർമാറ്റിൽ കളിച്ചത്. 79 ടി20 വിക്കറ്റുകളുള്ള താരത്തിന്‍റെ മികച്ച പ്രകടനം 2022ൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നേടിയ നാല് വിക്കറ്റാണ്.