മാർക്രം നയിച്ചു; കരീബിയൻ കരുത്തിനെ തച്ചുതകർത്ത് ദക്ഷിണാഫ്രിക്ക മുന്നോട്ട്



അഹ്മദാബാദ്: കരീബിയൻ കരുത്തിനുമേൽ അനായാസജയം കുറിച്ച ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ചു. സൂപ്പർ എട്ടിലെ ആവേശ​പ്പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഒമ്പതുവിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചാണ് ദക്ഷിണാഫ്രിക്ക അവസാന നാലിലേക്ക് മുന്നേറിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കരീബിയൻ നിര നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 23 പന്ത് ബാക്കിയിരിക്കേ ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടി. ബാറ്റെടുത്തവനൊക്കെ വെളിച്ചപ്പാടായ ഇന്നിങ്സിൽ ക്യാപ്റ്റൻ ഐഡൻ മാർക്രം തന്നെയായിരുന്നു താരം. 46 പന്തിൽ പുറത്താകാതെ 82 റൺസെടുത്തപ്പോൾ ടൂർണമെന്റിൽ ആദ്യമായി ഫോം കണ്ടെത്തിയ ക്വിന്റൺ ഡി കോക്ക് 24 പന്തിൽ 47 റൺസെടുത്ത് പുറത്തായി. നാലു വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്. ഒന്നാം വിക്കറ്റിൽ നായകനൊപ്പം 48 പന്തിൽ 95 റൺസ് കൂട്ടുകെട്ടിൽ പങ്കാളിയായ ശേഷമാണ് ഡി കോക്ക് മടങ്ങിയത്. 28 പന്തിൽ 45 റൺസുമായി റ്യാൻ റിക്ക്ൾടൺ ക്യാപ്റ്റനൊപ്പം പുറത്താകാതെനിന്നു. മാർക്രം ഏഴു ഫോറും നാലു സിക്സുമുതിർത്തപ്പോൾ റിക്ക്ൾടണിന്റെ ബാറ്റിൽനിന്ന് നാലു ഫോറും രണ്ടു സിക്സും പിറന്നു.

നേരത്തേ, തകർന്നടിഞ്ഞ വിൻഡീസ് ഇന്നിങ്സിനെ റെക്കോർഡ് കൂട്ടുകെട്ടുമായി വാലറ്റത്ത് റൊമാരിയോ ഷെഫേർഡും (51 നോട്ടൗട്ട്) ജേസൺ ​ഹോൾഡറും (49) ആണ് പൊരുതാവുന്ന ടോട്ടലിലേക്ക് കൈപിടിച്ചുയർത്തിയത്. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റിന് 83 റൺസെന്ന നിലയിൽ വൻ തകർച്ച മുന്നിൽകണ്ടപ്പോൾ ഹോൾഡർ-ഷെഫേഡ് സഖ്യം എട്ടാം വിക്കറ്റിൽ 89 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുയർത്തി രക്ഷകരായി. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ഒന്നാം വിക്കറ്റിൽ ബ്രാൻഡൺ കിങ്ങും (11 പന്തിൽ 21) ക്യാപ്റ്റൻ ഷായ് ഹോപും (ആറ് പന്തിൽ 16) മിന്നുന്ന തുടക്കമാണ് വിൻഡീസിന് സമ്മാനിച്ചത്. 2.1 ഓവറിൽ വിക്കറ്റ്പോവാതെ 29 റൺസ് സ്കോർബോർഡിലെത്തിയ ഘട്ടത്തിൽ കഗിസോ റബാഡയാണ് ആദ്യ പ്രഹരമേൽപിച്ചത്. ഹോപിനെ വിക്കറ്റിനുപിന്നിൽ ക്വിന്റൺ ഡി കോക്ക് പിടികൂടി. രണ്ടു പന്തിനുശേഷം വിലപ്പെട്ട വിക്കറ്റും വീണു. മിന്നും ഫോമിലുള്ള ഷിംറോൺ ഹെറ്റ്മെയർക്ക് രണ്ടു റൺസ് മാത്രമേ എടുക്കാനായുള്ളൂ. കേശവ് മഹാരാജിന്റെ മിന്നുംക്യാച്ച്.

സ്കോർ 43ൽ നിൽക്കെ കിങ്ങിനെ മടക്കിയ ലുംഗീ എൻഗിഡി അതേ ഓവറിൽ ​റോസ്റ്റൺ ​ചേസിനെയും (രണ്ട്) തിരിച്ചയച്ചു. ഷെർഫെയ്ൻ റൂഥർഫോർഡ് (12) പുറത്തായതിനുപിന്നാലെ റോവ്മാൻ പവലിനെയും പവലിയനിൽ തിരിച്ചെത്തിച്ച് ആഫ്രിക്കക്കാർ കരുത്തുകാട്ടി. പിന്നാലെ മാത്യൂ ഫോർഡെയും (11) പുറത്തായതോടെയാണ് വിൻഡീസ് വൻ തകർച്ചയിലായത്.

ക്രീസിൽ നിലയുറപ്പിച്ച് പതിയെ അടിച്ചുതകർത്ത ഹോൾഡറും ഷെഫേർഡും പ്രതീക്ഷിച്ചതിനേക്കാൾ ഏറെ റൺസാണ് അക്കൗണ്ടിലെത്തിച്ചത്. 31 പന്തിൽ നാലു ഫോറും മൂന്നു സിക്സുമടക്കം 49ലെത്തിയ ഹോൾഡർ ഇരുപതാം ഓവറിലെ അഞ്ചാം പന്തിൽ റണ്ണൗട്ടാവുകയായിരുന്നു. 37 പന്ത് നേരിട്ട ഷെഫേഡ് മൂന്നു ഫോറും നാലു സിക്സും പറത്തിയാണ് അർധശതകം പിന്നിട്ടത്. എൻഗിഡി നാലോവറിൽ 30 റൺസിന് മൂന്നുവിക്കറ്റെടുത്തപ്പോൾ റബാഡ 22 റൺസ് വഴങ്ങിയും കോർബിൻ ബോഷ് 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.



© Madhyamam