
കൊൽക്കത്ത: ഈഡൻ ഗാർഡൻസിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിങ്സ് ഐ.പി.എൽ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 3.4 ഓവറിൽ രണ്ട് വിക്കറ്റിന് 25 റൺസെന്ന നിലയിൽ പതറവെയാണ് മഴയെത്തിയത്.
മൂന്നു മണിക്കൂർ കാത്തിരിന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഓപണർ ഫിൻ അലൻ (ഏഴ് പന്തിൽ ആറ്), കാമറൂൺ ഗ്രീൻ (രണ്ട് പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തക്ക് നഷ്ടമായത്. സേവിയർ ബാർട്ട്‍ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ നാലും ആറും പന്തുകളിൽ ഇവരെ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ് ക്യാച്ചെടുക്കുകയായിരുന്നു.
ഇതോടെ സ്കോർ രണ്ടിന് 16. ക്യാപ്റ്റനും ഓപണറുമായ അജിൻക്യ രഹാനെ ആറ് പന്തിൽ എട്ടും അംഗ്രിഷ് രഘുവംശി ഏഴ് പന്തിൽ ഏഴും റൺസ് നേടി ക്രീസിലുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് പഞ്ചാബ് ഇറങ്ങിയതെങ്കിൽ കൊൽക്കത്തക്ക് രണ്ടിലും തോൽവിയായിരുന്നു ഫലം.
ഹാർദിക് കളിക്കും
ഗുവാഹതി: ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന ഐ.പി.എൽ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ച് പരസ് മാംബ്രെ സ്ഥിരീകരിച്ചു. ഹാർദിക് പൂർണ ആരോഗ്യവാനാണെന്നും നെറ്റ് പ്രാക്റ്റീസ് പുനരാരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഓൾ റൗണ്ടർക്ക് പരിക്കല്ലായിരുന്നുവെന്നും അസുഖം കാരണമാണ് കഴിഞ്ഞ മത്സരം നഷ്ടമായതെന്നും മാംബ്രെ വിശദീകരിച്ചു. രണ്ടാം മത്സരത്തിൽ ഡൽഹി കാപിറ്റൽസിനോട് തോറ്റ മുംബൈക്ക് ഹാർദിക്കിന്റെ തിരിച്ചുവരവ് വലിയ കരുത്താകും. താരത്തിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ഡൽഹിക്കെതിരെ ടീമിനെ നയിച്ചത്. ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഹാർദിക്കിന് കീഴിൽ മുംബൈ ജയിച്ചിരുന്നു.
