കോഹ്‍ലിക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയിൽ



റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങാരംഭിച്ച ഇന്ത്യ മികച്ചനിലയിൽ. 39ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലാണ് . അര്‍ധസെഞ്ചുറി തികച്ച രോഹിത് ശര്‍മ പുറത്തായി. കോഹ്‍ലി സെഞ്ച്വറിനേടി ക്രീസിലുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്തുടക്കത്തില്‍ തന്നെ 18 റൺസെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. തുടക്കത്തിൽ ശ്രദ്ധയോ​ടെ നേരിട്ട കോഹ്‍ലി പിന്നീട് അരങ്ങുവാഴുകയായിരുന്നു. പത്തോവർ അവസാനിക്കുമ്പോള്‍ 80ന് ഒന്ന് എന്ന നിലയിലായിരുന്ന ഇന്ത്യ അടുത്ത പത്തോവറില്‍ ടീമിനെ 153 ലെത്തിച്ചു. രോകോ സഖ്യം അർധസെഞ്ച്വറി നേടുകയും ചെയ്തു.

സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ എൽബിഡബ്ല്യുവിൽ കുരുക്കി മാര്‍ക്കോ യാന്‍സന്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 51 പന്തില്‍ 57 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്‍വാദ് എട്ടു റൺസെടുത്ത് ബാർട്ട്മാന് വിക്കറ്റ്നൽകി മടങ്ങി. തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ 13 റൺസെടുത്ത് ബാർട്ട്മാന്റെ രണ്ടാമത്തെ ഇരയായി കൂടാരം കയറുകയായിരുന്നു. വി കോലിയും(123) ക്യാപ്റ്റൻ കെ.ആർ. രാഹുലുമാണ് (18) ക്രീസിൽ

ദക്ഷിണാ​ഫ്രിക്കൻ ക്യാപ്റ്റ് എയ്ഡൻ മാ​ർക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ടെസ്റ്റിലേറ്റ കനത്ത പരാജയത്തിന് ഏകദിനത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് ടീം ഇന്ത്യ ഇന്ന്. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുമില്ലാത്ത ടീമിനെ കെ.എൽ. രാഹുലാണ് നയിക്കുന്നത്. വിക്കറ്റ് കീപ്പറും ക്യാപ്റ്റൻ തന്നെയാണ്. ഇതോടെ ഋഷഭ് പന്തിന് അവസരം ലഭിച്ചതുമില്ല. രോഹിതിനൊപ്പം ഓപണറായി യശസ്വി ജയ്സ്വാ​ളെത്തും.

മുതിർന്ന ബാറ്റർമാരായ വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും രോകോ സഖ്യത്തിന്റെ പ്രകടനവും ഇന്ന് നിർണായകമാവും. നാളുകളായ അവസരം ലഭിക്കാതിരുന്ന ഋതുരാജ് ഗെയ്ക്‍വാദ് നാലാം സ്ഥാനത്തെത്തി. സ്പിന്നിന് അനുകൂലമായ റാഞ്ചിയിലെ പിച്ചില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് മുന്‍തൂക്കം.സ്പെഷലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും ഇടംപിടിച്ചിട്ടുണ്ട്.

ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതിനാല്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിശ്രമത്തിലായ തെംബ ബാവുമക്ക് പകരം എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നാലു പേസർമാരും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പ്രെനലൻ സുബ്രയേനാണ് ഏക സ്പിന്നർ. ടെസ്റ്റിലെ വിജയക്കുതിപ്പ് ഏകദിനത്തിലും ആവർത്തിക്കാമെന്നാണ് ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടൽ.



© Madhyamam