
കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ജിഷ്ണുവിന്റെ ബാറ്റിങ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ വിജയത്തുടർച്ചയുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഷ്യാകപ്പ് ക്യാമ്പിലേക്ക് മടങ്ങിയതോടെ ദുർബലരാകുമെന്ന് കരുതിയ കൊച്ചി, കരുത്തരായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. 45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ജിഷ്ണുവാണ് കളിയിലെ താരം.
ലീഗിൽ ഇതിനോടകം സെമി ഉറപ്പിച്ച കൊച്ചി, കാലിക്കറ്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീർഷാ ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. മറുവശത്ത് രോഹനും തകർത്തടിച്ചു. നാലാം ഓവറിൽ തന്നെ കാലിക്കറ്റ് സ്കോർ 50 പിന്നിട്ടു. എന്നാൽ സ്കോർ 64ൽ നിൽക്കെ മൂന്ന് വിക്കറ്റുകൾ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീർഷാ 28ഉം രോഹൻ 36ഉം റൺസ് നേടി മടങ്ങി. തുടർന്നെത്തിയ അഖിൽ സ്കറിയ ആദ്യ പന്തിൽ തന്നെ പുറത്തായി. അഞ്ചാം വിക്കറ്റിൽ അജ്നാസും അൻഫലും ചേർന്ന് നേടിയ 50 റൺസാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ നൽകിയത്. അജ്നാസ് 22ഉം അൻഫൽ 38ഉം റൺസ് നേടി. സച്ചിൻ സുരേഷ് 10 പന്തുകളിൽ നിന്ന് 18 റൺസെടുത്തു. കൊല്ലത്തിനെതിരെ ഓരോവറിൽ അഞ്ച് സിക്സടിച്ച കൃഷ്ണദേവനെ എട്ടാമത് ഇറക്കാനുള്ള കോഴിക്കോടിന്റെ തീരുമാനം പിഴച്ചു. ആറ് ബാളിൽ എട്ട് റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ കഴിയാത്തത് കോഴിക്കോടിന് തിരിച്ചടിയായി. കൊച്ചിക്ക് വേണ്ടി പി.എസ്. ജെറിനും പി.കെ. മിഥുനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സഞ്ജുവിന്റെ അഭാവത്തിൽ വിനൂപ് മനോഹരനൊപ്പം കൊച്ചിയുടെ ഇന്നിങ്സ് തുറന്നത് ജിഷ്ണുവാണ്. 14 പന്തുകളിൽ 30 റൺസുമായി വിനൂപ് മനോഹരൻ മടങ്ങി. എന്നാൽ, മറുവശത്ത് ജിഷ്ണു ബാറ്റിങ് തുടർന്നു. മികച്ച റൺറേറ്റോടെ മുന്നേറിയ കൊച്ചി അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും ജിഷ്ണുവിന്റേതടക്കം വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റ് മത്സരത്തിലേക്ക് തിരിച്ചെത്തി. 18ാം ഓവറിൽ പി.കെ. മിഥുനെയും (12) ആൽഫി ഫ്രാൻസിസ് ജോണിനെയും (പൂജ്യം) അഖിൽ സ്കറിയ പുറത്താക്കിയതോടെ ആവേശം അവസാന ഓവറുകളിലക്ക് നീണ്ടു. അഖിൽ സ്കറിയയുടെ അവസാന ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ജോബിൻ ജോബി കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു. സാലി സാംസൺ 22 റൺസും ജോബിൻ ജോബി 12 റൺസും നേടി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്നും എസ്. മിഥുൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.