ഒരു വിക്കറ്റ് കൂടി; ബുംറയെ കാത്തിരിക്കുന്നത് ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാത്ത റെക്കോഡ്



ബ്രിസ്ബെയ്ൻ: ഇന്ത്യ-ആസ്ട്രേലിയ അഞ്ചാം ട്വൻറി20ക്കിറങ്ങുന്ന ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് അപൂർവമായൊരു ​റെക്കോഡ്.

മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ അന്താരാഷ്ട്ര ട്വന്റി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറുകയാണ് ബുംറ. ഒപ്പം, മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും.

ശനിയാഴ്ച ഉച്ച ഇന്ത്യൻ സമയം 1.45ഓടെയാണ് അഞ്ചാം ട്വന്റി20 മത്സരത്തിന് തുടക്കം കുറിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയാണ്. നിലവിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ ഒരു വിക്കറ്റ് കുടി സ്വന്തമാക്കുന്നതോടെ വിക്കറ്റ് വേട്ടയിൽ സെഞ്ച്വറി തികയ്ക്കും.

79 മത്സരങ്ങളിൽ 99 വിക്കറ്റാണ് ബുംറയുടെ നേട്ടം. അതേസമയം, 2022ൽ മാത്രം ട്വന്റി20യിൽ അരേങ്ങറിയ അർഷ് ദീപ് സിങ് ആണ് ട്വന്റി20യിൽ 100 വിക്കറ്റ് പിന്നിട്ട ഏക ഇന്ത്യൻ ബൗളർ. 67 മത്സരങ്ങളിൽ താരം ഇതിനകം 105 വിക്കറ്റുകൾ വീഴ്ത്തി.

182 വിക്കറ്റ് വീഴ്ത്തിയ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ട്വന്റി20യിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ. ബുംറക്ക് പിന്നിലായി 98 വിക്കറ്റുമായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയും, 96 വിക്കറ്റുമായി യുസ്​വേന്ദ്ര ചഹലുമുണ്ട്.

ടെസ്റ്റിൽ ബുംറ 50 മത്സരങ്ങളിൽ 226 വിക്കറ്റും, ഏകദിനത്തിൽ 86 മത്സരങ്ങളിൽ 149 വിക്കറ്റുമാണ് ബുംറ വീഴ്ത്തിയത്. ട്വന്റി20 കൂടി മൂന്നക്കത്തിലെത്തുന്നതോടെയാണ് മൂന്നിലും 100 കടക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യയുടെ പേസ് ആയുധം മാറുന്നത്.



© Madhyamam