
സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺസിന്റെ മലവെള്ളപ്പാച്ചിൽ കണ്ട രാത്രി ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന മത്സരം 46 റൺസിന് ജയിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ ഇഷാന്‍ കിഷാന്റെ കന്നി സെഞ്ച്വറിയുടെയും ( 43 പന്തിൽ 103) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും മികവില്‍ (30 പന്തിൽ 63) നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 271 റണ്‍സ് അടിച്ചുകൂട്ടി, ഇന്ത്യയുടെ മൂന്നാമത്തെ മികച്ച സ്‌കോർ.
അതേനാണയത്തിൽ തിരിച്ചടി തുടങ്ങിയ കിവീസ് ഇടക്ക് പതറി 19.4 ഓവറിൽ 225ന് പുറത്തായി. അർഷ്ദീപ് സിങ്ങിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് മെൻ ഇൻ ബ്ലൂവിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരു ടീമും ചേർന്ന് അടിച്ചെടുത്തത് 496 റൺസും. 2023ൽ ദക്ഷിണാഫ്രിക്ക-വെസ്റ്റിൻഡീസ് മത്സരത്തിൽ പിറന്ന ലോക റെക്കോഡായ 517 റൺസിന് പിറകിൽ രണ്ടാമതെത്തി ഈ സ്കോർ. ജയത്തോടെ പരമ്പര 4-1ന് നേടി ഇന്ത്യ.
നിരാശപ്പെടുത്തി സഞ്ജു
ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ശരിവക്കുന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്ങ്‌സ് ഓപണ്‍ ചെയ്തത്. അഭിഷേക് ശര്‍മയും ഹോം ഗ്രൗണ്ടില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ ലോക്കല്‍ ബോയ് സഞ്ജു സാംസണും കളി തുടങ്ങി. ജേക്കബ് ഡഫിയുടെ ആദ്യ ഓവറില്‍ പിറന്നത് 14 റണ്‍സായിരുന്നു. ജാമിസനെ ബൗണ്ടറി കടത്തിക്കൊണ്ടാണ് സഞ്ജു അക്കൗട്ട് തുറന്നത്. എന്നാല്‍ അത് അല്‍പനേരം മാത്രമേ നീണ്ടുള്ളു. ലോക്കീ ഫെർഗൂസൻ എറിഞ്ഞ മൂന്നാമത്തെ ഓവറില്‍ തേര്‍ഡ്മാനില്‍ ജേക്കബ്‌സിന്റെ കരങ്ങളില്‍ പന്തെത്തിച്ച് ആറ് പന്തുകളില്‍ ആറ് റണ്‍സെടുത്ത് സഞ്ജു മടങ്ങിയപ്പോള്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമായി. സ്‌കോര്‍ ബോർഡിൽ 31. അഞ്ചാം ഓവറിലെ അവസാന പന്തില്‍ 16 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേകിനെ ക്ലീന്‍ ബൗള്‍ഡാക്കി ഫെർഗൂസൻ.
ഇഷാന്‍-സൂര്യ ഷോ
സൂര്യയും ഇഷാനും ചേര്‍ന്ന് അടിച്ചുകയറിയപ്പോൾ പത്താം ഓവറില്‍ നൂറിലെത്തി. 28 പന്തില്‍ ഇഷാന്‍ അർധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഡഫി എറിഞ്ഞ ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തി സൂര്യ 26 പന്തില്‍ അർധ സെഞ്ച്വറിയും ട്വന്റി 20 യിലെ 3000 റണ്‍സും പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ മിച്ചല്‍ സാന്റ്‌റെ സ്‌ട്രൈറ്റ് സിക്‌സ് അടിച്ച സൂര്യകുമാര്‍ അടുത്ത പന്തും ചാടിയിറങ്ങിയടിക്കാന്‍ ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. കീപ്പര്‍ സീഫെര്‍ട്ട് സ്റ്റമ്പ് ചെയ്ത് അദ്ദേഹത്തെ പുറത്താക്കി. മൂന്നിന് 185. ഇഷാന്‍- സൂര്യ കൂട്ടുകെട്ട് 137 റൺസ് നേടി. സാന്റ്‌നര്‍ എറിഞ്ഞ 17-ാമത്തെ ഓവറില്‍ രണ്ട് സിക്‌സറുകള്‍ പറഞ്ഞി 42 പന്തില്‍ ഇഷാന്‍ കിഷന്‍ ട്വന്റി 20 യിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടി. എന്നാല്‍ അടുത്ത ഓവറില്‍ ഡഫിയുടെ പന്തില്‍ 103 റണ്‍സുമായി ഫിലിപ്‌സിന് ക്യാച്ച് നല്‍കി ഇഷാന്‍ മടങ്ങുമ്പോള്‍ കരഘോഷത്തോടെയാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ എക്കാലത്തെയും ടോപ്‌സ്‌കോററെ അഭിനന്ദിച്ചത്. റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ കാര്യവട്ടത്തെ റെക്കോഡ് സ്‌കോറിലെത്തിച്ചു. 16 പന്തില്‍ 42 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ ജേക്കബ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. റിങ്കു എട്ടും ശിവം ദുബെ ഏഴും റണ്‍സും നേടി പുറത്താകാതെ നിന്നു.
തിരിച്ചടി; പിന്നെ കൂട്ടത്തകര്‍ച്ച
272 ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിന്‍ അലനും ടിന്‍ സെല്‍ഫെര്‍ട്ടും ചേര്‍ന്ന് ഓപണ്‍ ചെയ്തു. അഞ്ച് റണ്‍സെടുത്ത സെല്‍ഫെര്‍ട്ടിനെ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ച് അര്‍ഷ്ദീപ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കി. എന്നാല്‍ രചിന്‍ രവീന്ദ്രയെ കൂട്ട് പിടിച്ച് അലന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 38 പന്തുകളില്‍ 80 റണ്‍സ് നേടിയ അലനെ റിങ്കു സിങ്ങിന്റെ കൈകളില്‍ എത്തിച്ച് അക്ഷർ ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നു. 11-ാമത്തെ ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്പ്‌സിനെ റിങ്കുവിന്റെ കൈകളില്‍ എത്തിച്ച് അക്ഷർ ഒരിക്കല്‍ കൂടി സന്ദര്‍ശകരെ ഞെട്ടിച്ചു. 17 പന്തുകളില്‍ 30 റണ്‍സ് നേടിയ രചിനെ മടക്കി അര്‍ഷ്ദീപ് കളി തീർത്തും ഇന്ത്യയുടെ വഴിക്കാക്കി. അടുത്ത പന്തില്‍ സാന്റ്‌നറെ സൂര്യയെ ഏൽപിച്ചു എത്തിച്ച് അര്‍ഷ്ദീപ്. ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് 50 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി കിവികളുടെ കൂട്ടക്കൊല നടത്തി. അക്ഷർ മൂന്നും വരുണ്‍ ചക്രവര്‍ത്തിയും റിങ്കുവും ഓരോ വിക്കറ്റ് വീതവും നേടിയതോടെ ന്യൂസിലൻഡ് ഇന്നിങ്‌സ് 19.4 ഓവറില്‍ 225 റണ്‍സിന് അവസാനിച്ചു.
