ബുംറയുടെ യോർക്കർ കൊണ്ട് ഇഷാൻ കിഷന് പരിക്ക്; അഭിഷേകിന് പകരം സഞ്ജു കളിച്ചേക്കും



ന്യൂഡൽഹി: ജസ്പ്രീത് ബുംറയുടെ യോർക്കർ കൊണ്ട് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷന് പരിക്ക്. ബുധനാഴ്ച പരിശീലനത്തിനിടെയായിരുന്നു സംഭവം. ബുറയുടെ യോർക്കർ കൊണ്ട് വീണുകിടക്കുന്ന ഇഷാൻ കിഷന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീണ്ടും നെറ്റ്സിലേക്ക് ബാറ്റ് ചെയ്യാനായി ഇഷാൻ എത്തിയെങ്കിലും അദ്ദേഹത്തിന്റെ പരിശീലനം അധികനേരം നീണ്ടുനിന്നില്ല. എന്നാൽ, ഇഷാന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നത് ഇപ്പോൾ വ്യക്തമല്ല.

അതേസമയം, ബുംറ ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. ബുംറ പൂർണമായും പരിക്കിൽ നിന്ന് മോചിതനായി. ഇനി ഒരു ദിവസം കൂടി മത്സരത്തിനുള്ളതിനാൽ നമീബിയക്കെതിരെ ബുംറ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം തിലക് വർമ്മ പ്രതികരിച്ചിരുന്നു. ഇന്ന് നമീബിയക്കെതിരെ സഞ്ജു സാംസൺ കളിക്കുമെന്നും റിപ്പോർട്ടുണ്ട്.

അഭിഷേക് ശർമ്മക്ക് പകരക്കാരനായിട്ടായിരിക്കും സഞ്ജു എത്തുക. വയറിലെ അണുബാധ മൂലം അഭിഷേധ വിശ്രമത്തിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിഷേകിനെ ബുധനാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ഇന്നലെ ദീർഘനേരം സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുകയും ചെയ്തു. സഞ്ജുവിനൊപ്പം വാഷിങ്ടൺ സുന്ദറും ഓപ്പണറാകാനുള്ള മത്സരത്തിലുണ്ട്.

വ്യാഴാഴ്ചയാണ് ട്വന്റി 20 ലോകകകപ്പിലെ ഇന്ത്യയു​ടെ രണ്ടാം മത്സരം. നമീബയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ഇന്ത്യ യു.എസിനെ തോൽപ്പിച്ചിരുന്നു. എന്നാൽ, മത്സരത്തിൽ ബാറ്റിങ്ങിൽ ഉൾപ്പടെ ഫോമിലേക്ക് എത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.



© Madhyamam