
അബൂദബി: ഐ.പി.എൽ മിനി ലേലത്തിൽ രണ്ട് അൺക്യാപ്ഡ് യുവതാരങ്ങൾക്കായി ചെന്നൈ സൂപ്പർ കിങ്സ് മുടക്കിയത് റെക്കോഡ് തുക. അഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ 20കാരനായ സ്പിന്നർ പ്രശാന്ത് കിഷോറിനെയും 19 കാരനായ വിക്കറ്റ് കീപ്പർ കാർത്തിക് ശർമയെയും 28.40 കോടി രൂപക്കാണ് ചെന്നൈ വാങ്ങിയത്.
ഇതുവരെ ഐ.പി.എൽ കളിക്കാത്ത ഇരുവർക്കുമായി ലേലത്തിൽ 14.20 കോടി രൂപ വീതമാണ് നൽകിയത്. ലേല ചരിത്രത്തിൽ അൺക്യാപ്ഡ് താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2022ൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് ആവേശ് ഖാനെ വാങ്ങിയ 10 കോടിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കി നിന്ന ചെന്നൈ, അൺക്യാപ്ഡ് താരങ്ങളുടെ ഊഴമെത്തിയപ്പോൾ പണ സഞ്ചിയുമായി കളത്തിലിറങ്ങുന്നതാണ് കണ്ടത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് പഴ്സിൽ കൂടുതൽ പണമുള്ളവരിൽ രണ്ടാമതുണ്ടായിരുന്ന ചെന്നൈ ഇരുവരെയും വാങ്ങിയത്. 30 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരെയും 4633 ശതമാനം ഉയർന്ന വിലക്കാണ് ചെന്നൈ ടീമിലെത്തിച്ചത്.
ഐ.പി.എൽ മിനി ലേലത്തിൽ ഉയർന്ന വില ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരങ്ങളെന്ന നേട്ടവും പ്രശാന്തും കാർത്തിക്കും കൈവരിച്ചു. 2015 മിനി ലേലത്തിൽ യുവരാജ് സിങ്ങിനെ 16 കോടി രൂപക്ക് ഡൽഹി കാപിറ്റൽസ് വാങ്ങിയിരുന്നു. ലേലത്തിലൂടെ ചെന്നൈ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന വിലയുള്ള രണ്ടാമത്തെ താരങ്ങളെന്ന റെക്കോഡും ഇരുവരുടെയും പേരിലാണ്. 2023ൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനെ 16.25 കോടി നൽകിയാണ് ടീമിലെടുത്തത്.
ആരാണ് പ്രശാന്തും കാർത്തികും?
ഉത്തർപ്രദേശുകാരനായ ഇടങ്കൈയൻ സ്പിന്നറായ പ്രശാന്തിനെ, രവീന്ദ്ര ജദേജയുടെ ഒഴിവിലേക്കാണ് ചെന്നൈ പരിഗണിക്കുന്നത്. 13 വർഷം ടീമിനൊപ്പമുണ്ടായിരുന്ന ജദേജയെ മലയാളി താരം സഞ്ജു സാംസണുമായുള്ള ട്രേഡ് ഡീലിങ്ങിലൂടെ രാജസ്ഥാൻ റോയൽസിന് കൈമാറുകയായിരുന്നു. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. 12 ട്വന്‍റി20 മത്സരങ്ങളിൽ നിന്നായി 112 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 167.16 ആണ് സ്ട്രൈക്ക് റേറ്റ്. യു.പി ട്വന്‍റി20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു പ്രശാന്ത് വീര്‍. പ്രശാന്തിനായി റെക്കോഡ് തുക മുടക്കി മിനിറ്റുകള്‍ക്ക് ശേഷമാണ് കാര്‍ത്തിക്കിനെയും സമാന തുകക്ക് ടീമിലെടുത്തത്.
ആഭ്യന്തര ടൂര്‍ണമെന്റുകളിൽ നടത്തിയ മിന്നും പ്രകടനമാണ് രാജസ്ഥാന്‍ സ്വദേശിയായ കാര്‍ത്തിക് ശര്‍മയെ ഫ്രാഞ്ചൈസികളുടെ റഡാറിലെത്തിക്കുന്നത്. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരമാണ്. ഉത്തരാഖണ്ഡിനെതിരായിരുന്നു ഇത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററായിരുന്നു. എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 445 റണ്‍സാണ് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിൽ ഫിനിഷറായി ഇറങ്ങി അഞ്ചു മത്സരങ്ങളിൽനിന്ന് 133 റൺസാണ് താരം അടിച്ചൂകൂട്ടിയത്. 12 ട്വന്‍റി20 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 160 ആണ് സ്ട്രൈക്ക് റേറ്റ്.
