ഐ.പി.എൽ 2026: ഗ്ലൗസ് മാറ്റത്തിൽ ഹാർദിക് പാണ്ഡ്യക്ക് അനുമതി, സ്റ്റബ്സിന് വിലക്ക്; നിയമം പറയുന്നത് എന്ത്?



മുംബൈ: ഐ.പി.എല്ലിൽ ഗ്ലൗസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അമ്പയർമാർ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ വിവാദമാകുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് ഗ്ലൗസ് മാറ്റാൻ അനുമതി നൽകിയതും എന്നാൽ സമാന സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ട്രിസ്റ്റൻ സ്റ്റബ്സിന് വിലക്കേർപ്പെടുത്തിയതുമാണ് ചർച്ചകൾക്ക് ആധാരം.

ഐ.പി.എൽ നിയമപ്രകാരം ബാറ്റർമാർക്ക് ഗ്ലൗസ് മാറ്റുന്നതിന് കൃത്യമായ സമയപരിധികളുണ്ട്. ഓവറുകൾക്കിടയിലോ, സ്ട്രാറ്റജിക് ടൈം ഔട്ട് പോലുള്ള ഔദ്യോഗിക ഇടവേളകളിലോ മാത്രമേ ബാറ്റർമാർക്ക് ഗ്ലൗസ് മാറ്റാൻ അനുമതിയുള്ളൂ. എന്നാൽ ഒരു ഓവർ പുരോഗമിക്കുന്നതിനിടെ ഗ്ലൗസ് മാറ്റുന്നത് നിയമപ്രകാരം അനുവദനീയമല്ല.ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ സുരക്ഷാ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഓവറിനിടയിൽ ഗ്ലൗസ് മാറ്റാൻ അമ്പയർമാർ അനുമതി നൽകാറുള്ളൂ.

വിയർപ്പ് കാരണം ഗ്രിപ്പ് കിട്ടുന്നില്ല എന്ന സ്റ്റബ്സിന്റെ ആവശ്യം ഇത്തരം അടിയന്തര സാഹചര്യമായി അമ്പയർമാർ കണക്കാക്കിയില്ല. ഗ്ലൗസ് നൽകാനായി ഗ്രൗണ്ടിലേക്ക് എത്തിയ ഡൽഹി താരം നിതീഷ് റാണ അമ്പയർമാരുമായി തർക്കത്തിലേർപ്പെടുകയും ഇത് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷയിൽ കലാശിക്കുകയും ചെയ്തിരുന്നു. നിയമപരമായ സാങ്കേതികത്വം ഇതാണെങ്കിലും, കളിക്കാർക്ക് ലഭിക്കുന്ന പരിഗണനയിലെ വ്യത്യാസമാണ് ഇത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വരും മത്സരങ്ങളിൽ ഇത്തരം നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാനാണ് മാച്ച് ഒഫീഷ്യൽസിന്റെ തീരുമാനം.



© Madhyamam