തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ അത്ഭുതങ്ങളിലൊന്നാണ് എൻ.എം. ഷറഫുദ്ദീനെന്ന ഓൾ റൗണ്ടർ. തൃശൂർ കൈപ്പമംഗലത്തെ വീടിന്റെ ചുമരിലേക്ക് പന്തെറിഞ്ഞും കയറിൽ ബാൾ കെട്ടിയിട്ട് അടിച്ചും ക്രിക്കറ്റ് സ്വയംപഠിച്ച താരം, ക്രിക്കറ്റിനോടുള്ള ഭ്രാന്ത് മൂത്ത് രാജ്യംമൊത്തം ടെന്നീസ് പന്തുകളുമായി ക്രിക്കറ്റ് കളിക്കാൻ നടന്നവൻ.
കൗതുകത്തിനായി എറിഞ്ഞുതുടങ്ങിയ ക്രിക്കറ്റ് ബാൾ ഷറഫുവിനെയും തിരിച്ച് സ്നേഹിച്ചതോടെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ടൂർണമെന്റിന്റെ താരമായി ഈ മുപ്പതുകാരൻ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ടീമിൽ കളിക്കാതെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സീനിയർ ടീമിൽ ഇടംപിടിച്ച പ്രതിഭ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കൊട്ടാക്കര പ്രതിഭ ക്രിക്കറ്റിലെ ഈ പഴയ താരത്തിന്. കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിന്റെ നട്ടെല്ലായ ഷറഫുദ്ദീൻ കെ.സി.എല്ലിലൂടെ ലഭിച്ച അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
കെ.സി.എൽ ആദ്യ സീസണിലെ അനുഭവം?
എന്റെ ജീവിതം മാറ്റിമറിച്ച സീസണായിരുന്നു. 19 വിക്കറ്റും ഇരുന്നൂറിലേറെ റൺസുമായി ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലാണ് ഞാൻ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചത്. പക്ഷേ അവസരങ്ങൾ കിട്ടിയില്ല. ടീമിൽനിന്ന് പുറത്താകുകയും ചെയ്തു. പിന്നീട് തിരിച്ചുവരവ് തന്നത് പ്രഥമ കെ.സി.എൽ ആയിരുന്നു.
കെ.സി.എല്ലിൽനിന്ന് ഐ.പി.എല്ലിലേക്ക്
കെ.സി.എല്ലിലെ പ്രകടനത്തെ തുടർന്ന് മുംബൈ ഇന്ത്യൻസും രാജസ്ഥാനുമാണ് ട്രയൽസിന് വിളിച്ചത്. മുംബൈക്കായി ഞാനും വിഘ്നേഷ് പുത്തൂരുമാണ് ആദ്യം പോയത്. ആദ്യ ട്രയൽസിൽ മികച്ച ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രകടനം പുറത്തെടുത്തു. മുംബൈയുടെ പരിശീലകരും തൃപ്തരായിരുന്നു. തുടർന്ന് രാജസ്ഥാനിലേക്ക് പോയി. അവിടെ ഓരോവറാണ് ബാറ്റിങ്ങിനും ബൗളിങ്ങിനും അവസരം ലഭിച്ചത്.
മുംബൈ വീണ്ടും രണ്ട് ട്രയൽസിനുകൂടി വിളിച്ചെങ്കിലും രഞ്ജി ടീമിൽ ഉൾപ്പെട്ടതിനാൽ പോകാനായില്ല. മുംബൈക്കായി ആദ്യ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതുകൊണ്ടുതന്നെ ലേലപ്പട്ടികയിൽ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷ. ഒന്നും ഉണ്ടായില്ല.
രാജസ്ഥാനിൽ സഞ്ജുവിന്റെ പിന്തുണ ഉണ്ടായില്ലേ?
ഉറപ്പായും. ഒന്നും ചിന്തിക്കണ്ട, കിട്ടുന്ന ബാൾ വലിച്ചടിച്ചോ, സമ്മർദമില്ലാതെ പന്തെറിയണം ഇതായിരുന്നു ട്രയൽസിന് മുമ്പ് സഞ്ജു പറഞ്ഞത്. കിട്ടിയ ഒരോവറിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിരാശനായിപ്പോയി. ഇത്ര വർഷം കാത്തിരുന്നിട്ടും കിട്ടിയത് ആറ് ബാൾ. ട്രയൽസ് കഴിഞ്ഞപ്പോൾ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാത്തോഡും കാണണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ഞെട്ടി.
എനിക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. എങ്കിലും രണ്ടും കൽപിച്ച് അവർക്ക് മുന്നിലെത്തി. ദ്രാവിഡ് ചോദിച്ചു. ഞങ്ങൾ ഹിന്ദിയിലാണോ ഇംഗ്ലീഷിലാണോ താങ്കളോട് സംസാരിക്കേണ്ടത്. ഞാൻ പറഞ്ഞു ‘സർ, ഈ രണ്ട് ഭാഷയിലും എനിക്ക് സംസാരിക്കാൻ അറിയില്ല. പക്ഷേ, നിങ്ങൾ സംസാരിച്ചോളൂ, എനിക്ക് മനസിലാകും. കാരണം ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ’. ഇതുകേട്ടതും രാഹുൽ സർ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നീ നല്ലൊരു പവർ ഹിറ്ററാണ്. ഇന്ന് നിനക്ക് കളിക്കാൻ കഴിയാത്തതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടരുത്. കെ.സി.എല്ലിൽ നിന്റെ കളി കണ്ടിട്ടുള്ളവനാണ് ഞാൻ. നീയൊരു ഉഗ്രൻ ക്രിക്കറ്ററാണ്. ബൗളിങ്ങിൽ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. ഇന്ത്യൻ താരം ഭുവനേശ്വർകുമാർ എറിയുന്ന പന്തുകൾ കണ്ട് പഠിക്കാൻ ശ്രമിക്കണം. അദ്ദേഹത്തെപ്പോലെ ബൗളിങ്ങിൽ വേരിയേഷൻ പരീക്ഷിക്കണം. ബാക്ക് ഹാൻഡ് സ്ലോവർ, നക്കൽ, യോർക്കർ, സ്ലോ ബൗൺസർ അങ്ങനെ പലതും’.
ദ്രാവിഡിന്റെ ഈ വാക്കുകൾ എനിക്ക് നൽകിയ ഊർജം വലുതായിരുന്നു. എന്റെ എല്ലാ നിരാശയും മാറി. കെ.സി.എൽ വലിയൊരു സുവർണാസരവാണ് കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് തുറന്നിട്ടിരിക്കുന്നത്. ദ്രാവിഡ് അടക്കം പ്രമുഖർ കെ.സി.എല്ലിലെ എല്ലാ മത്സരങ്ങളും കാണുന്നെന്ന് പറയുന്നത് യുവ താരങ്ങൾക്ക് വലിയ പ്രചോദനമാണ്.
വീണ്ടും കേരള ടീമിലേക്ക്
കെ.സി.എല്ലിലെ പ്രകടത്തോടെ കഴിഞ്ഞവർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിലെത്തി. കെ.സി.എല്ലിലെ പ്രകടത്തിൽ കേരള പരിശീലകൻ അമേയ് ഖുറേഷി സർ അഭിനന്ദിച്ചു. ‘താങ്ക്യു’ എന്നല്ലാതെ അദ്ദേഹത്തോട് മറ്റൊന്നും പറഞ്ഞില്ല. പ്ലസ്ടു തോറ്റ എനിക്ക് തിരിച്ചുപറയാൻ ഹിന്ദിയും ഇംഗ്ലീഷുമറിയില്ലല്ലോ. പിന്നെ പേടിയും. പിന്നെന്തോ അദ്ദേഹം എന്നോട് കാര്യമായി മിണ്ടിയില്ല. എന്നെ ശ്രദ്ധിച്ചതുമില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ഞാൻ ടീമിൽ ഉണ്ടായില്ല. ഗോവക്കെതിരായ മത്സരത്തിൽ രാവിലെ നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു.
‘ഷറഫു, നീ ഇന്ന് കളിക്കുന്നുണ്ട്, റെഡിയായിക്കോ’. അന്ന് ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ ക്യാപ്റ്റൻ സഞ്ജുവിന്റെ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്. ‘കൂടുതലൊന്നും ചിന്തിക്കേണ്ട. കെ.സി.എൽ കളിക്കുന്നതുപോലെ ടീമിന്റെ മൊത്തം ചുമതലയൊന്നും നീ ഏറ്റെടുക്കണ്ട. അധികം റൺസ് കൊടുക്കാതെ രണ്ടോവർ എനിക്കായി എറിഞ്ഞുതരണം. രണ്ട് സിക്സ് അടിക്കണം’. മൂന്നുവർഷം കഴിഞ്ഞ് ടീമിലെത്തിയ എനിക്ക് വലിയൊരു എനർജിയായിരുന്നു ആ വാക്കുകൾ.
അന്ന് ബാറ്റ് ചെയ്ത ഞാൻ ഏഴ് ബാളിൽ ഒരു സിക്സും ഫോറും അടിച്ചു. തുടർന്ന് ഒരോവർ എറിഞ്ഞ് മൂന്ന് റൺസാണ് വിട്ടുകൊടുത്തത്. എനിക്ക് മുമ്പുള്ള ഓവറിൽ എം.ഡി. നിധീഷിനെ ഗോവ ബാറ്റർമാർ 26 റൺസടിച്ചു. തൊട്ടുപിന്നാലെ വന്നെറിഞ്ഞ ഞാൻ മൂന്ന് റൺസ് മാത്രം കൊടുത്തത് കളിയിലെ വഴിത്തിരിവായി. മഴനിയമപ്രകാരം കേരളം 11 റൺസിന് ജയിച്ചു. മത്സരശേഷം എന്നെ ഡ്രസിങ് റൂമിൽ ഏറെ അഭിനന്ദിച്ചത് അമേയ് സാറായിരുന്നു. പിന്നീട് വിജയ് ഹസാരയിലും രഞ്ജി ട്രോഫി ടീമിലും ഇടംപിടിച്ചു. ഓരോ താരത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയും ഗെയിം പ്ലാനുമുണ്ടെന്ന് അന്ന് മനസിലായി.
കുടുംബത്തിന്റെ പിന്തുണ
ഉമ്മ സാബിറയാണ് അന്നും ഇന്നും ഏറ്റവും വലിയ ശക്തി. പിന്നെ എന്റെ ക്ലബുകളുടെ ഉടമസ്ഥരും. ഒരുപാടുപേരോട് കടപ്പാടുണ്ട്. അവരുടെയൊക്കെ സഹായവും പിന്തുണയും കൊണ്ടുമാത്രമാണ് ഞാനിന്നിവിടെ നിൽക്കുന്നത്. വാപ്പയുടെ ചികിത്സക്ക് ഒന്നും ആലോചിക്കാതെ ലക്ഷങ്ങൾ കടംതന്നവരുണ്ട്.
ഒരുഘട്ടത്തിൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുവൈറ്റിലേക്ക് ജോലിക്ക് പോകാൻ തയാറായ എന്നെ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾക്കിടിയിലും പിടിച്ചുനിർത്തിയത് ഉമ്മയാണ്. പിന്നെ സഹോദരനെപ്പോലെ ചേർത്തുനിറുത്തിയ കേരള ക്രിക്കറ്റിലെ കൂട്ടുകാരും. പഠിക്കാത്തതിന്റെ പേരിൽ ഒരുകാലത്ത് കുറ്റപ്പെടുത്തിയവരെല്ലാം ഇന്ന് പത്രത്തിൽ ഫോട്ടോയും പേരും വരുമ്പോൾ എന്നെക്കുറിച്ച് ഉമ്മയോട് അഭിമാനത്തോടെ സംസാരിക്കുന്നതിനും എനിക്ക് സമൂഹത്തിൽ വിലയുണ്ടാക്കിത്തന്നതിനും കാരണം ക്രിക്കറ്റാണ്.
ഉമ്മക്ക് അത്ര ഇഷ്ടമാണോ ക്രിക്കറ്റ്
ഉമ്മക്ക് ക്രിക്കറ്റൊന്നും അറിയില്ല. എന്റെ കളികൾ ടി.വിയിൽപോലും കാണാറില്ല. ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് ഉമ്മക്കും ഇഷ്ടം. എന്നെ ഐ.പി.എൽ താരമാക്കിയിട്ടേ കല്യാണം നടത്തൂവെന്ന വാശിയിലാണ് ഉമ്മ.