‘രണ്ടാംനിര ടീമിനെ അയച്ച് പാകിസ്താനെ അപമാനിക്കുന്നു’; ലോകകപ്പിന് മുമ്പ് പുതിയ വിവാദം



ലാഹോർ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി പാകിസ്താനിൽ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ പ്രമുഖ ടീമുകൾ തങ്ങളുടെ പ്രധാന താരങ്ങളെ അയക്കാത്തത് പാക് ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രതിഷേധത്തിന് കാരണമാകുന്നു. പാകിസ്താനും ആസ്‌ട്രേലിയയും തമ്മിൽ നടന്ന ആദ്യ ട്വന്‍റി20 മത്സരത്തിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. പാകിസ്താൻ പര്യടനത്തിനുള്ള ഓസീസ് ടീമിൽ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, നഥാൻ എല്ലിസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പിന് മുന്നോടിയായി ഇവർക്ക് വിശ്രമം അനുവദിച്ചു എന്നാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വിശദീകരണം.

പാകിസ്താനെതിരായ ആദ്യ ടി20 മത്സരത്തിൽ മൂന്ന് പുതുമുഖങ്ങളെയാണ് ഓസ്‌ട്രേലിയ കളിപ്പിച്ചത്. നായകൻ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പ്ലേയിംഗ് ഇലവനിൽനിന്ന് മാറ്റിനിർത്തിയത് പാകിസ്താൻ ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചു. പാക് ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണ് ആസ്‌ട്രേലിയയുടെ നടപടിയെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ഒമൈർ അലവി പറഞ്ഞു.

പാകിസ്ഥാനിലേക്ക് വരുമ്പോൾ മാത്രം പ്രമുഖ ടീമുകൾ തങ്ങളുടെ രണ്ടാംനിര ടീമിനെ അയക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് മുൻ ക്യാപ്റ്റൻ മോയിൻ ഖാനും അഭിപ്രായപ്പെട്ടു. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ സമാന രീതിയിൽ ദുർബലമായ ടീമുകളെയാണ് അയക്കാറുള്ളതെന്ന് മുൻതാരങ്ങൾ ചൂണ്ടിക്കാട്ടി. ലോകകപ്പിന് തൊട്ടുമുമ്പ് സമാന സാഹചര്യങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും മികച്ച ടീമിനെ ഇറക്കാത്തത് വിചിത്രമാണെന്ന് മുൻ ചീഫ് സെലക്ടർ ഹാറൂൺ റഷീദ് പറഞ്ഞു.

എന്നാൽ തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമവും വിവിധ ലീഗുകളുമാണ് താരങ്ങളുടെ പിന്മാറ്റത്തിന് കാരണമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഏത് ടീമിനെ അയക്കുന്നു എന്നത് ആ രാജ്യങ്ങളുടെ തീരുമാനമാണെന്നും, പരമ്പരകൾ കൃത്യസമയത്ത് നടക്കുന്നു എന്നതാണ് ബോർഡിനെ സംബന്ധിച്ച് പ്രധാനമെന്നും അവർ വ്യക്തമാക്കി. ഇന്ത്യയുമായുള്ള തർക്കങ്ങൾക്കപ്പുറം മറ്റ് രാജ്യങ്ങൾ പാകിസ്താൻ പര്യടനങ്ങളെ ഗൗരവമായി കാണുന്നില്ല എന്നതും പ്രധാന താരങ്ങളെ അയക്കുന്നില്ല എന്നതും ഇപ്പോൾ അവിടെ ചർച്ചാവിഷയമായിട്ടുണ്ട്.

അതേസമയം ആസ്ട്രേലിയക്കെതിരെയുള്ള പരമ്പയിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ 22 റൺസിന് ജയിച്ചിരുന്നു. സയിം അയൂബിന്‍റെ ഓൾറൗണ്ട് മികവിലാണ് ട്വന്‍റി20യിൽ എട്ടുവർഷത്തിനു ശേഷം ഓസീസിനെതിരെ പാകിസ്താൻ ജയം സ്വന്തമാക്കിയത്. അയൂബിനു പുറമെ സ്പിന്നർമാരായ അബ്രാർ അഹ്മദും ശദാബ് ഖാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ ആസ്ട്രേലിയയുടെ മറുപടി എട്ടിന് 146 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം മത്സരം ഇന്ന് നടക്കും.



© Madhyamam