അകക്കണ്ണിൽ ലോകം ജയിച്ച് ​പെൺപട; കാഴ്ചപരിമിതരുടെ ടി20 ലോകകപ്പ് ഇന്ത്യക്ക്



കൊളംബോ: ഏകദിന ക്രിക്കറ്റിൽ ഹർമൻ പ്രീതും സംഘവും ഇന്ത്യക്ക് ആദ്യ വനിതാ ലോക കിരീടം സമ്മാനിച്ചതിന്റെ ആവേശം അടങ്ങും മുമ്പേ ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാൻ മറ്റൊരു ലോക വിജയം കൂടി.

കാഴ്ച പരിമിതരുടെ ട്വന്റി20 ക്രിക്കറ്റിൽ ലോകകിരീടം ചൂടി ഇന്ത്യൻ വനിതകൾ. കൊളംബോയിലെ ശരവണമുത്തു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യൻ പെൺകൊടികൾ വിശ്വം ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത നേപ്പാളിനെ 114 റൺസിൽ പിടിച്ചു കെട്ടിയശേഷം, 12 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 117 റൺസടിച്ചെടുത്ത് പ്രഥമ ​ൈബ്ലൻഡ് ലോകകപ്പ് സ്വന്തമാക്കി.

44 റൺസുമായി പുറത്താവാതെ നിന്ന ഫുല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ സെമി ഫൈനലിൽ ആസ്ട്രേലിയയെ തോൽപിച്ചു. നേപ്പാൾ, പാകിസ്താനെയും തോൽപിച്ചു.

അകക്കണ്ണിന്റെ വെളിച്ചവുമായി താരങ്ങൾ കളത്തിലിറങ്ങുന്ന ടി20 ​ൈബ്ലൻഡ് ക്രിക്കറ്റ് ലോകകപ്പിൽ ആറ് ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കു പുറമെ അമേരിക്കയും പങ്കാളികളായി. നവംബർ 11ന് ന്യൂഡൽഹിയിലായിരുന്നു തുടക്കം. ബംഗളൂരുവിലും ഏതാനും മത്സരങ്ങൾ കളിച്ച ശേഷമാണ് ഫൈനലിന് കൊളംബോ വേദിയായത്.

കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ഒഡിഷ, ഡൽഹി, അസ്സം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്.

പൂർണ അന്ധത ബാധിച്ചവരും (ബി വൺ) ഭാഗിക അന്ധതയുള്ളവരും ഉൾപ്പെടുന്നതാണ് ടീം. അണ്ടർ ആം ബൗളിങ്ങിൽ താഴ്ത്തിയെറിയുന്ന പന്ത് ശബ്ദത്തോടെയാണ് ബാറ്ററിലെത്തുന്നത്. ശബ്ദത്തിലൂടെ പന്തിന്റെ ഗതി തിരിച്ചറിഞ്ഞാണ് ഷോട്ട് പായിക്കുന്നത്.

ബി വൺ വിഭാഗത്തിലെ പൂർണ അന്ധതയുള്ള താരങ്ങൾക്ക് ബാറ്റ് ചെയ്യുമ്പോൾ റണ്ണേഴ്സിന്റെ സഹായം ഉപയോഗപ്പെടുത്താം. ഓരോ റണ്ണിനും രണ്ട് റൺസായി എണ്ണപ്പെടും.

ഓരോ ടീമിനും അഞ്ച് മത്സരങ്ങൾ വീതമുള്ള റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരുന്നു പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ. ഇന്ത്യ അഞ്ചും ജയിച്ചാണ് ​സെമിയിൽ പ്രവേശിച്ചത്.



© Madhyamam