ബവുമയുടെ ചെറുത്തുനിൽപ്പിനും പ്രോട്ടീസിനെ രക്ഷിക്കാനായില്ല; ഇന്ത്യക്ക് 124 റൺസ് വിജയലക്ഷ്യം


അർധ സെഞ്ച്വറി നേടിയ തെംബ ബവുമ

കൊൽക്കത്ത: ക്യാപ്റ്റൻ തെംബ ബവുമയുടെ ശക്തമായ ചെറുത്തുനിൽപ്പിനും ദക്ഷിണാഫ്രിക്കക്ക് തുണയായില്ല. കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസ് 153ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യക്ക് 124 റൺസാണ് വിജയലക്ഷ്യം. ഇനിയും രണ്ടര ദിവസത്തെ മത്സരം ശേഷിക്കേ, ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയില്ലാതെ തന്നെ വിജയം സ്വന്തമാക്കാം. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ നിരയെ തറപറ്റിച്ചത് സ്പിന്നർമാരാണെങ്കിൽ, മൂന്നാംദിനം ആദ്യ സെഷനിൽ തന്നെ വാലറ്റത്തെ എറിഞ്ഞൊതുക്കിയത് പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്നാണ്. അപരാജിത അർധ സെഞ്ച്വറി നേടിയ ബവുമയാണ് ടോപ് സ്കോറർ. സ്കോർ: ദക്ഷിണാഫ്രിക്ക -159 & 153, ഇന്ത്യ -189.

ഏഴിന് 93 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർ തുടക്കത്തിൽ മികച്ച പ്രതിരോധമാണ് ഒരുക്കിയത്. ഇടക്ക് കോർബിൻ ബോഷ് വമ്പനടികൾ പുറത്തെടുത്തതും കാഴ്ചവിരുന്നായി. ഒടുവിൽ ബോഷിനെ ബൗൾഡാക്കി ബുംറ എട്ടാംവിക്കറ്റ് കൂട്ടുകെട്ട് തകർത്തു. 37 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 25 റൺസാണ് താരം നേടിയത്. സൈമൺ ഹാർമറെ കൂട്ടുപിടിച്ച് സ്കോർ 150 കടത്തിയ ബവുമ ഇതിനിടെ അർധ ശതകവും കുറിച്ചു. ഏഴ് റൺസെടുത്ത ഹാർമറെ സിറാജ് ക്ലീൻബോൾഡാക്കി. ഇതേ ഓവറിൽതന്നെ കേശവ് മഹാരാജിനെ സംപൂജ്യനാക്കി മടക്കി സിറാജ് ഇന്നിങ്സിന് തിരശീലയിട്ടു.\



© Madhyamam