
ഗുവാഹതി: ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഡിങ്ക്സ് ബ്രേക്ക് പിന്നിട്ടിട്ടും വിക്കറ്റ് നേടാൻ പ്രയാസപ്പെടുകയാണ് ഇന്ത്യൻ ബൗളർമാർ. ആറിന് 247 എന്ന നിലയിൽ ബാറ്റിങ് പുനരാംരഭിച്ച പ്രോട്ടീസ് 107 ഓവർ പിന്നിടുമ്പോൾ 307 റൺസ് നേടിയിട്ടുണ്ട്. രണ്ടാംദിനം വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാക്ക് കഴിഞ്ഞിട്ടില്ല. അർധ സെസെഞ്ച്വറി നേടിയ സെനുരാൻ മുത്തുസ്വാമിക്കൊപ്പം (50*) കെയ്ൽ വെറെയ്നാണ് (35*) ക്രീസിലുള്ളത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 60 റൺസ് പിന്നിട്ടു.
ബൗളിങ്ങിനെ കാര്യമായി തുണക്കാത്ത പിച്ചായിട്ടും കുൽദീപ് യാദവ് നയിച്ച ഇന്ത്യൻ ബൗളിങ് നിരക്ക് ഒന്നാം ദിനം ആറു വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞിരുന്നു. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാമെന്ന മോഹവുമായി ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ടെംബ ബാവുമ 41ഉം ഓപണർമാരായ ഐഡൻ മർക്രം 38ഉം റിയാൻ റിക്ക്ൾടൺ 35ഉം റൺസെടുത്തു. ആദ്യ വിക്കറ്റ് വീണത് ടീം സ്കോർ 82 റൺസിൽ നിൽക്കെയാണെങ്കിലും തുടർന്ന് കൃത്യമായ ഇടവേളകളിൽ ബാറ്റർമാർ കൂടാരം കയറുന്നത് തുടർന്നു.
മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് കൂടുതൽ അപകരകാരിയായത്. 17 ഓവറിൽ 48 റൺസ് വഴങ്ങിയ താരം റിക്ക്ൾടൺ, സ്റ്റബ്സ് എന്നീ മുൻനിര ബാറ്റർമാരെ മടക്കിയതാണ് നിർണായകമായത്. ഓപണർ മർക്രത്തെ ബുംറ എറിഞ്ഞിട്ടു. ക്യാപ്റ്റൻ ബാവുമയെ ജഡേജയുടെ പന്തിൽ ജയ്സ്വാൾ പിടിച്ചപ്പോൾ ടോണി ഡി സോർസി മുഹമ്മദ് സിറാജിന്റെ പന്തിലും മടങ്ങി.
പരിചിതമല്ലാത്ത കളിയായതിനാലാകാം ഗുവാഹതി ബർസപാര മൈതാനത്ത് കാണികളുടെ കാര്യമായ പിന്തുണയില്ലാതെയായിരുന്നു ഇന്ത്യൻ പ്രകടനം. ശുഭ്മാൻ ഗിൽ പരിക്കിൽനിന്ന് മുക്തനാകാത്തതിനാൽ സായ് സുദർശനാണ് ഇറങ്ങിയത്. ക്യാപ്റ്റനായി പന്തും എത്തി. അക്സർ പട്ടേലിന് പകരം നിതീഷ് കുമാർ റെഡ്ഡിക്കും അവസരം കിട്ടി. ദക്ഷിണാഫ്രിക്കയാകട്ടെ, സ്പിന്നർ സെനുരാൻ മുത്തുസ്വാമിയെ പരീക്ഷിച്ചു.
