ഓപണർമാരെ മടക്കി ബുംറ, സ്പിൻ കെണിയിൽ വീണ് ക്യാപ്റ്റൻ ബവുമ; പ്രോട്ടീസ് പതറുന്നു



കൊൽക്കത്ത: പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പ്രോട്ടീസ് ഓപണർമാരെ പേസർ ജസ്പ്രീത് ബുംറയും ക്യാപ്റ്റൻ തെംബ ബവുമയം കുൽദീപ് യാദവും പുറത്താക്കി. 23 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ് ആതിഥേയർ. വിയാൻ മൾഡർ (17*), ടോണി ഡിസോർസി (12*) എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു.

ഓപണർമാരായ എയ്ഡൻ മാർക്രവും റയാൻ റിക്കിൾടണും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സന്ദർശകർക്ക് നൽകിയത്. അർധ സെഞ്ച്വറി പിന്നിട്ട കൂട്ടുകെട്ട്, ഇന്നിങ്സിലെ 11-ാം ഓവറിൽ റിക്കിൾടണെ ബൗൾഡാക്കി ബുംറയാണ് തകർത്തത്. 22 പന്തിൽ നാല് ഫോറുൾപ്പെടെ 23 റൺസാണ് താരം നേടിയത്. സ്കോർ ബോർഡിൽ നാല് റൺസ് കൂടി ചേർക്കുന്നതിനിടെ മാർക്രത്തെ ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. 48 പന്ത് നേരിട്ട മാർക്രം, അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 31 റൺസിടിച്ചാണ് പുറത്തായത്.

നാലാം നമ്പരിൽ ക്രീസിലെത്തിയ പ്രോട്ടീസ് നായകൻ ബവുമക്ക് ഏറെ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. നേരിട്ട 11-ാം പന്തിൽ ധ്രുവ് ജുറെലിന് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറിയ താരത്തിന് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിനാണ് വിക്കറ്റ്. സ്പിന്നിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈഡൻ ഗാർഡൻസിലെ പിച്ചിൽ രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരെ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജും പേസ് നിരയിലുണ്ട്.

  • ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
  • ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കൈൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്.

ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. എന്നാൽ, പഞ്ചദിന ഫോർമാറ്റിൽ ലോകചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ആതിഥേയരാണ് എതിരാളികളുടെ സ്പിൻ ബൗളിങ്ങിനെ ഒട്ടൊന്ന് ഭയക്കുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പാകിസ്താനെതിരെ അടുത്തിടെ 1-1ന് അവസാനിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ വീഴ്ത്തിയ 39 വിക്കറ്റുകളിൽ 35ഉം കേശവ് മഹാരാജ്, സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാമർ സ്പിൻ ത്രയത്തിന്റെ സംഭാവനയായിരുന്നു എന്നതാണത്.



© Madhyamam