
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. അർധ സെഞ്ച്വറിയടിച്ച് ബാറ്റിങ്ങിലും രണ്ടുവിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങിയ ശിവം ദുബെയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്.
ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.
ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.
ശിവം ദുബെക്ക് ഫിഫ്റ്റി, നിരാശപ്പെടുത്തി അഭിഷേക്
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് അർധ സെഞ്ച്വറിയുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സാണ് കരുത്തായത്. തിലക് വർമയും (31) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (34) ഹാർദിക് പാണ്ഡ്യയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ഓപണർ അഭിഷേക് ശർമ തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിനു മടങ്ങി. ഡച്ച് ബൗളിങ് നിരയിൽ രണ്ട് വിക്കറ്റ് നേടിയ ആര്യൻ ദത്ത് തിളങ്ങി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ സ്കോർ ബോർഡിൽ റൺ പിറക്കുന്നതിനു മുമ്പ് അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നൽകി പുറത്തായ താരം, നെതർലൻഡ്സിനെതിരെ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആര്യൻ ദത്തിന്‍റെ സ്പിൻ ബൗളിന്‍റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്മദാബാദിൽ അഭിഷേകിന് വിനയായത്. ഇടയ്ക്ക് ബൗണ്ടറികൾ കണ്ടെത്തിയ ഇഷാൻ കിഷന് പക്ഷേ ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. ഏഴ് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 18 റൺസ് നേടിയ താരത്തെ ആര്യൻ ദത്തുതന്നെ മടക്കി.
പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺസാണ് ഇന്ത്യൻ ബാറ്റർമാർ സ്കോർബോഡിൽ ചേർത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തിൽ തിലക് വർമ വാൻഡർ മെർവിന്‍റെ തകർപ്പൻ ക്യാച്ചൽ പുറത്തായി. വാൻബീകിനാണ് വിക്കറ്റ്. 27 പന്തിൽ മൂന്നുഫോറും ഒരുസിക്സും സഹിതം 31 റൺസാണ് താരത്തിന്‍റെ സംഭാവന. 12.4 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. വ്യക്തിഗത സ്കോർ 13ൽ നിൽക്കേ ‘ലൈഫ്’ കിട്ടിയെങ്കിലും അവസരത്തിനൊത്ത് ഉയരാൻ ക്യാപ്റ്റൻ സൂര്യക്കായില്ല. 28 പന്തിൽ 34 റൺസ് നേടിയാണ് ഇന്ന് താരം പുറത്തായത്. ഇതോടെ സ്കോർ 13.3 ഓവറിൽ നാലിന് 110 എന്ന നിലയിലാണ്.
തുടക്കത്തിൽ പതിഞ്ഞു കളിച്ച ശിവം ദുബെ അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ടീം സ്കോർ 150 പിന്നിട്ടു. 31 പന്തിൽ നാലുഫോറും ആറ് സിക്സും സഹിതം 66 റൺസ് അടിച്ചുകൂട്ടിയ താരം അവസാന ഓവറിലാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ (21 പന്തിൽ 30) ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായപ്പോൾ, റിങ്കു സിങ് (ആറ്) പുറത്താകാതെ നിന്നു. അവസാന അഞ്ചോവറിൽ ഇന്ത്യൻ മധ്യനിര 75 റൺസാണ് അടിച്ചെടുത്തത്. നെതർലൻഡ്സിനായി ആര്യൻ ദത്ത് രണ്ടും ലോഗൻ വാൻബീക് മൂന്നുവിക്കറ്റും നേടി.
