
മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
അസാധ്യമെന്ന് തോന്നിയ കൂറ്റൻ വിജയ ലക്ഷ്യം അപാരമായ മനസാന്നിധ്യം കൊണ്ട് മറികടന്ന ജെമീമ റോഡ്രിഗസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് വിജയശിൽപികൾ. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 49.5 ഓവറിൽ 338 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപത് പന്ത് ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
134 പന്തുകൾ നേരിട്ട ജെമീമ 14 ഫോറുകൾ സഹിതം 127 റൺസുമായി പുറത്താകാതെ നിന്നു. 88 പന്തുകൾ നേരിട്ട കൗർ 89 റൺസെടുത്ത് പുറത്തായി. ഓപണർ ഷഫാലി വർമ 10 ഉം സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന 24 ഉം ദീപ്തി ശർമ 24 ഉം റിച്ച ഘോഷ് 26 ഉം റൺസെടുത്ത് പുറത്തായി. 19 റൺസുമായി അമൻജ്യോത് കൗർ പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് 338 റൺസ് കെട്ടിപ്പടുത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്‌ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്‌ലീ ഗാർഡ്‌നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.
ആറാം ഓവറിൽ ക്യാപ്റ്റനും ഓപണറുമായ അലീസ ഹീലിയെ (5) ക്രാന്തി ഗൗഡ് ബൗൾഡാക്കിയെങ്കിലും കംഗാരു നാട്ടുകാർ പിന്നെ തിരിഞ്ഞുനോക്കിയില്ല. രണ്ടാം വിക്കറ്റിൽ ലിച്ച്‌ഫീൽഡ്-പെറി സഖ്യം 28ാം ഓവർവരെ തുടർന്നു. 77 പന്തിലായിരുന്നു ലിച്ച്‌ഫീൽഡിന്റെ ശതകം. ഓപണറെ അമൻജോത് കൗർ കുറ്റിതെറിപ്പിച്ച് വിടുമ്പോൾ സ്കോർ ബോർഡിൽ 180. ബെത്ത് മൂണി 22 പന്തിൽ 24 റൺസ് ചേർത്ത് ശ്രീചരണിക്ക് വിക്കറ്റ് സമ്മാനിച്ചു. അന്നബെൽ സതർലൻഡിനെ (3) ചരണി സ്വന്തം പന്തിൽ പിടിച്ചു. നാലിന് 228.
മറുതലക്കലുണ്ടായിരുന്ന പെറി 40ാം ഓവറിലാണ് വീണത്. രാധ യാദവിന്റെ പന്തിൽ സ്റ്റമ്പിളകി തിരിഞ്ഞുനടക്കുമ്പോൾ 250ന് അരികിലെത്തിയിരുന്നു ഓസീസ്. തഹ്ലിയ മക്ഗ്രാത്ത് (12) റണ്ണൗട്ടായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഗാർഡ്നറാണ് സ്കോർ 300 കടത്തിയത്. കിം ഗാർത്ത് (17), അലാന കിങ് (4), സോഫി മൊളിന്യൂസ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഇന്ത്യക്കുവേണ്ടി ശ്രീ ചരണിയും ദീപ്തി ശർമയും രണ്ടുവീതവും ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
