
പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും പ്ലെയിങ് ഇലവനിലുണ്ട്. ഏഴു മാസത്തെ ഇടവേളക്കുശേഷമാണ് ഇരുവരും ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങുന്നത്. ഈ പരമ്പരയിൽ മിന്നുകയെന്നത് ‘രോകോ’യെ സംബന്ധിച്ച് നിലനിൽപ് പ്രശ്നം കൂടിയാണ്. മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയാണ് ശുഭ്മൻ ഗില്ലിന് ചുമതല നൽകിയത്.
നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ഏകദിനത്തിൽ ഗില്ലിന്‍റെ നായക അരങ്ങേറ്റം കൂടിയാണ്. വിദേശമണ്ണിൽ അതും ആസ്ട്രേലിയയിൽ പരമ്പര ജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കരുത്തുറ്റ സംഘത്തെ അണിനിരത്തി അതിന് കഴിയുമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓപണർമാരായി രോഹിത്തും ഗില്ലുമാണ്. തുടർന്ന് കോഹ്‌ലിയും ശ്രേയസ് അയ്യരും കെ.എൽ. രാഹുലുമെത്തും.
പേസ് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജിനും അർഷ്ദീപ് സിങ്ങിനുമൊപ്പം ഹർഷിത് റാണയും പ്ലെയിങ് ഇലവനിലെത്തി. അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമാണ് സ്പിന്നർമാർ. മിച്ചൽ മാർഷ് നേതൃത്വം നൽകുന്ന കംഗാരുപ്പടയിൽ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിൻസ്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, സ്പിന്നർ ആഡം സാംപ തുടങ്ങിയവർ പരിക്കുമൂലം പുറത്താണ്.
എങ്കിലും ലോകോത്തര പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ്, ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുള്ള ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ,
