
അഞ്ചാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി സഞ്ജു സാംസൺ പരിശീലനത്തിൽ
തിരുവനന്തപുരം: വിശാഖപട്ടണത്തേറ്റ അപ്രതീക്ഷിത തോൽവിക്ക് പകരംവീട്ടാൻ ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ കലാശപോരാട്ടത്തിന് ഇന്ത്യ ഇന്ന് കാര്യവട്ടത്തിറങ്ങും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ആരംഭിക്കുന്ന മൽസരത്തിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ 3-1 ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ജയത്തോടെ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ട്വന്‍റി-20 ലോകകപ്പിന് പോകാനുള്ള തയാറെടുപ്പിലാണ്. റൺസൊഴുകുന്ന പിച്ചാണ് ഗ്രീൻഫീൽഡിൽ ഒരുക്കിയിട്ടുള്ളതെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി. ടിക്കറ്റ് വിൽപന മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായതിനാൽ നിറഞ്ഞ നീലക്കടലാകും സ്റ്റേഡിയം. വൈകുന്നേരം മൂന്ന് മണി മുതൽ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും. മൊബൈൽഫോണുകൾ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യ-ന്യൂസിലണ്ട് താരങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനം നടത്തി. ആദ്യം ന്യൂസിലണ്ട് താരങ്ങളായിരുന്നു പരിശീലനം നടത്തിയത്. രാവിലെ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തിയ ശേഷം ക്യാപ്ടൻ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൈകുന്നേരം നാലരയോടെയാണ് പരിശീലനത്തിനെത്തിയത്. പരിശീലനത്തിനിടെയും ലോക്കൽ ബോയ് സഞ്ജു സാംസണായിരുന്നു കാണികളുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
കഴിഞ്ഞ നാല് മൽസരങ്ങളിലും പരാജയപ്പെട്ട സഞ്ജു ‘സ്വന്തം സ്റ്റേഡിയത്തിൽ’ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും. ലോകകപ്പ് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കണമെകിൽ ഇന്ന് നടക്കുന്ന മൽസരത്തിൽ സഞ്ജുവിന് മികച്ച കളി പുറത്തെടുത്തേ മതിയാകൂ. വിശാഖപട്ടണത്ത് നടന്ന നാലാം മൽസരത്തിൽ പരിക്ക്മൂലം കളിക്കാതിരുന്ന വിക്കറ്റ്കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇന്ന് കളിച്ചേക്കും. അങ്ങനെയാണെങ്കിൽ പേസ്ബൗളർമാരായ ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ് എന്നിവരിൽ ഒരാൾക്ക് ഇടം നഷ്ടമാകും. സ്പിന്നർമാരായ കുൽദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവർ കളിക്കാനാണ് സാധ്യത.
ആദ്യ മൂന്ന് മൽസരങ്ങളും അനായാസേന ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് അവസാന മൽസരത്തിൽ വിശാഖപട്ടണത്തുണ്ടായത്. 50 റൺസിന്‍റെ കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്നും ഇന്ത്യ മോചിതമായിട്ടില്ല. ശക്തമായ ബാറ്റിങ്ങിന്‍റെ കരുത്തിൽ വിശ്വസിച്ച് ബൗളിങ്ങിൽ പരീക്ഷണം നടത്താൻ ശ്രമിച്ച കോച്ച് ഗൗതംഗംഭീറിനും ക്യാപ്ടൻ സൂര്യകുമാർ യാദവിനും കനത്ത പ്രഹരമേൽപ്പിച്ചതായിരുന്നു ഈ തോൽവി.
ഇന്ത്യയുടെ തുറുപ്പ്ചീട്ടായ ജസ്പ്രീത് ബുംറ ഉൾപ്പെടെ അടിവാങ്ങിയ മൽസരത്തിൽ ന്യൂസിലണ്ട് 216 റൺസ് സ്കോർ ചെയ്യുകയും ചെയ്തു. എന്നാൽ ബാറ്റിങ് കരുത്തിൽ വിശ്വസിച്ച് ഇറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ശിവം ദുബെയുടെ ഒറ്റയാൻ വെടിക്കെട്ടാണ് തോൽവിയുടെ ആക്കം കുറച്ചതെന്ന് മാത്രം.
ആ തോൽവിക്ക് കാര്യവട്ടത്ത് ത്രസിപ്പിക്കുന്ന ജയത്തിലൂടെ പകരംവീട്ടാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഈ മൽസരം കഴിഞ്ഞാൽ ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയുമായി സന്നാഹമൽസരമാണ് ഇന്ത്യക്കുള്ളത്. ഫെബ്രുവരി ഏഴിന് യു.എസ്.എയുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമൽസരം.
സഞ്ജു ‘വി ആർ വെയ്റ്റിങ്’…
തിരുവനന്തപുരം: സ്യൂസിലണ്ടിനെതിരായ പരമ്പരയിലെ കലാശപോരാട്ടത്തിന് ഇന്ത്യ ഇന്ന് കാര്യവട്ടത്തിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് സ്വദേശിയായ സഞ്ജു സാംസന്റെ തിരിച്ചുവരവിന്. കഴിഞ്ഞ നാല് മൽസരങ്ങളിൽ കളിച്ച സഞ്ജുവിന് മികച്ച പേരാട്ടം കാഴ്ചവക്കാനാകാത്തത് ക്രിക്കറ്റ് ആരാധകരെ ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്. ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇന്നത്തെ മൽസരം സഞ്ജുവിന് നിർണായകമാണ്.
പരിക്കിന്റെ പിടിയിൽ നിന്നും മുക്തരായി തിലക്വർമ്മയും വാഷിങ്ടൺ സുന്ദറും ടീമിലേക്ക് മടങ്ങിയെത്തുന്നതും വിക്കറ്റ്കീപ്പർ ബാറ്ററായ ഇഷാൻകിഷന്റെ മികച്ച ഫോമും ലോകകപ്പ് പ്ലെയിങ് ഇലവനിൽ ഇടം നേടാനുള്ള സഞ്ജുവിന്റെ ഈ ശ്രമത്തിന് തിരിച്ചടിയാണ്. ഓപണറുടെ റോളിൽ പരിഗണിക്കപ്പെട്ട സഞ്ജുവിന് ഈ പരമ്പരയിൽ ശോഭിക്കാനാകാത്തത് ടീം ഇന്ത്യയേയും അലട്ടുന്നുണ്ട്. 2025 ജനുവരി മുതൽ ശരാശരി 20 ൽ താഴെയായാണ് സഞ്ജു സാംസണിന്റെ പ്രകടനം. സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് ആരാധകർ മുറവിളി തുടരുന്നതിനിടെയാണ് ന്യൂസിലണ്ടിനെതിരായ പരമ്പരയിൽ അദ്ദേഹത്തെ ഓപണർ റോളിൽ പരീക്ഷിച്ചത്. പക്ഷെ ആ റോളിൽ സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ്. എന്നാൽ കോച്ച് ഗൗതംഭംഗീറും ക്യാപ്ടൻ സൂര്യകുമാർ യാദവും ഇപ്പോഴും സഞ്ജുവിൽ പ്രതീക്ഷ തുടരുന്നെന്ന് വ്യക്തം.
സഞ്ജു ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോൾ കാണാനെത്തിയ ക്രിക്കറ്റ് പ്രേമികളിലും പ്രകടമായത് ആ പ്രതീക്ഷയായിരുന്നു. സഞ്ജു മികച്ച ഒരു ഇന്നിങ്സ് ഇന്ന് പുറത്തെടുക്കുമെന്നാണ് കെ.സി.എ ഭാരവാഹികളും പ്രതീക്ഷിക്കുന്നത്. നിരവധി മൽസരങ്ങൾ കളിച്ചിട്ടുള്ള തന്റെ ഹോംഗ്രൗണ്ടിൽ മികച്ച കളി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവും. മൂന്നാമത്തെ മൽസരത്തിൽ കൈക്ക് പരിക്കേറ്റ സ്പിന്നർ അക്ഷർപട്ടേൽ, കഴിഞ്ഞമൽസരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന ഇഷാൻ കിഷൻ, ക്യാപ്ടൻ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ളവർ ഇന്നലെ ഗ്രൗണ്ടിൽ പരിശീലനം നടത്തി.
